medha

മുംബയ്: സമര പരിപാടികളുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ പേരിൽ നർമ്മദ ബച്ചാവോ ആന്തോളൻ പ്രവർത്തക മേധാ പട്കറുടെ പാസ്പോർട്ട് റദ്ദ് ചെയ്യാനൊരുങ്ങി മുംബയ് റീജയണൽ പാസ്പോർട്ട് ഓഫീസ്. പാസ്പോർട്ടിന് അപേക്ഷ നൽകുമ്പോൾ വിവരങ്ങൾ മറച്ചുവച്ചെന്നതാണ് മേധയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. മാദ്ധ്യമ പ്രവർത്തകനായ സഞ്ജീവ് ഝാ നൽകിയ പരാതിയിലാണ് ആർ.പി.ഒയുടെ നടപടി. മേധയ്ക്കെതിരെ നിലവിൽ എത്ര കേസുകളുണ്ടെന്ന് വ്യക്തമാക്കാൻ മുംബയ് ആർ.പി.ഒ മദ്ധ്യപ്രദേശ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ 18ന് മേധയ്ക്ക് ആർ.പി.ഒ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഒൻപത് ക്രിമിനൽ കേസുകളാണ് നിലവിലുള്ളതെന്നാണ് നോട്ടീസിൽ പറയുന്നത്. തെറ്റായ വിവരങ്ങൾ നൽകി അധികൃതരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും തെളിയിക്കാൻ മേധാ പട്കർക്ക് സമയം അനുവദിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പ്രതികരിച്ചു.

അതേസമയം, അപേക്ഷ നൽകുമ്പോൾ തനിക്കെതിരെ കേസുകളൊന്നും നിലനിന്നിരുന്നില്ലെന്ന് താൻ ആർ.പി.ഒയ്ക്ക് മറുപടി നൽകിയെന്ന് മേധാ പട്കർ ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു. തനിക്കെതിരെ മാത്രമായിട്ട് കേസുകൾ ഇല്ലെന്നും കുറേയാളുകൾക്കെതിരെ എടുത്ത കേസുകൾ മാത്രമാണ് ഉള്ളതെന്നും മേധാ പറയുന്നു. പാസ്പോർട്ടിന്റെ കാലാവധി കഴിഞ്ഞതിന് പിന്നാലെ തങ്ങൾ പുതുക്കി നൽകുകയായിരുന്നെന്നും പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് അയച്ചതെന്നും മഹാരാഷ്ട്രയിൽ കേസുകളുണ്ടോയെന്ന് പൊലീസിനോട് അന്വേഷിച്ചിരുന്നെന്നും എന്നാൽ സംസ്ഥാനത്ത് ഒന്നും നിലവിലില്ലെന്നാണ് പൊലീസ് മറുപടി നൽകിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.