വയനാട്: സുൽത്താൻ ബത്തേരിയിലെ സർവ്വജന ഹൈസ്‌കൂൾ വിദ്യാർത്ഥിനി ഷഹല ഷെറീൻ പാമ്പ് കടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഷഹലയുടെ സഹപാഠികൾ. ഷഹലയെ പാമ്പ് കടിച്ചു എന്ന് തങ്ങൾ പറഞ്ഞപ്പോൾ അത് നിഷേധിച്ചുകൊണ്ട് ഷഹലയുടെ കാലിൽ ആണി കുത്തിയതാണെന്നും ബഞ്ചിൽ തട്ടിയതാണെന്നും കല്ല് കൊണ്ടതാണെന്നുമൊക്കെയാണ് അദ്ധ്യാപകർ തങ്ങളോട് പറഞ്ഞതെന്നാണ് സ്‌കൂളിലെ വിദ്യാർത്ഥികൾ പറയുന്നത്. ആണി കുത്തിയാലും മറ്റും കൃത്യമായി രണ്ട് പാടുകൾ കാലിൽ വരുമോ എന്നും വിദ്യാർത്ഥികൾ ചോദിക്കുന്നു. അതുപോലെ ക്ലാസിൽ ചെരുപ്പുകൾ ധരിക്കാൻ തങ്ങളെ അദ്ധ്യാപകർ അനുവദിച്ചിരുന്നില്ലെന്നും എന്നാൽ അദ്ധ്യാപകർ ചെരുപ്പുകൾ ധരിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നുണ്ട്.
ഷഹലയെ പാമ്പ് കടിച്ചതാണോയെന്ന് ഒരു കുട്ടി ചോദിച്ചപ്പോൾ ആ കുട്ടിയെ അദ്ധ്യാപകൻ ശാസിക്കുകയും വടിയെടുത്ത് ഓടിക്കുകയും ചെയ്തുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു. പ്രാഥമിക സൗകര്യങ്ങൾ പോലും സ്‌കൂളിൽ തങ്ങൾക്കില്ലെന്ന് കുട്ടികൾ പരാതിപ്പെടുന്നു. അനേകം പെൺകുട്ടികളും പഠിക്കുന്ന സ്‌കൂളിൽ ശൗചാലയത്തിൽ അത്യാവശ്യം വേണ്ട സൗകര്യങ്ങൾ ഒന്നുമില്ലെന്നും വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പറയുന്നു. പാമ്പ് തന്നെ കടിച്ചതായി ഷഹല പറഞ്ഞിട്ടും, ഏറെനേരം ശാരീരിക ബുദ്ധിമുട്ടുകൾ പ്രകടിപ്പിച്ചിട്ടും കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ അദ്ധ്യാപകർ തയാറായില്ലെന്നും കുട്ടികൾ വെളിപ്പെടുത്തി. ഒടുവിൽ ഒരു മണിക്കൂറോളം കഴിഞ്ഞ് ഷഹലയുടെ ഉപ്പ വന്ന ശേഷമാണ് അദ്ധ്യാപകർ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയത്. കുട്ടികൾ പറയുന്നു. ടീച്ചർമാക്കെല്ലാം വാഹനങ്ങൾ ഉണ്ടായിട്ടുപോലും കുട്ടിക്ക് തക്കസമയത്ത് വേണ്ട ചികിത്സകൾ നൽകാൻ അവർ തയാറായില്ലെന്നും അദ്ധ്യാപകർക്കെതിരെ നടപടി വേണമെന്നും കുട്ടികൾ പറഞ്ഞു.