വയനാട് : ബത്തേരി സർക്കാർ സർവജന വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല ഷെറിന്റെ കാലിൽ പാമ്പ് കടിയേറ്റ പാടുണ്ടായിരുന്നതായി പിതാവ്. നീലനിറവും കണ്ടു. സംഭവം നടന്നത് മൂന്നു മണിക്കാണ്. സ്കൂളില്‍ നിന്ന് വിളിച്ചത് 3.36 നും. പാമ്പുകടിയേറ്റെന്ന് പറഞ്ഞില്ല, കുഴിയിൽ കാലുകുടുങ്ങിയെന്നാണ് പറഞ്ഞത്. താലൂക്ക് ആശുപത്രിയിൽ നിന്ന് ആന്റിവെനം നൽകാൻ വിസമ്മതിച്ചു. താൻ എത്തിയ ശേഷം ആശുപത്രിയിൽ കൊണ്ടുപോയാൽ മതിയെന്ന് പറഞ്ഞിട്ടില്ല. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ വരരുതെന്നും പിതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേസമയം ഷഹ്‌ലയ്ക്ക് അടിയന്തര ചികിത്സ നൽകുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ ബത്തേരി താലൂക്ക് ആശുപത്രിയുടെ വീഴ്ചയിൽ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. നാല് ആശുപത്രികളിൽ എത്തിച്ചിട്ടും ആന്റിവെനം നല്‍കിയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോകും വഴി ആരോഗ്യനില വഷളായി. ഡോക്ടർമാർക്ക് വീഴ്ച പറ്റിയോ എന്ന് ആരോഗ്യവകുപ്പ് അന്വേഷിക്കുമെന്ന് ഡി.എം.ഒ അറിയിച്ചു.