deported

ന്യൂഡൽഹി: മതിയായ രേഖകൾ ഇല്ലാതെ അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മൂന്ന് സ്ത്രീകളടക്കം 145 ഇന്ത്യൻ പൗരന്മാരെ അമേരിക്ക മടക്കി അയച്ചു. അമേരിക്കയിലെ അരിസോണയിൽ നിന്ന് ധാക്ക വഴിയുള്ള വിമാനത്തിൽ ബുധനാഴ്ച രാവിലെയാണ് ഇവരെ ന്യൂഡൽഹിയിലേക്ക് കടത്തിയത്. എന്നാൽ,

ക്രിമിനലുകളെ പോലെ കാലും കൈയും കെട്ടിയിട്ടാണ് തങ്ങളെ കയറ്റിവിട്ടതെന്നും ഉദ്യോഗസ്ഥർ തങ്ങളോട് അപ്രകാരമാണ് പെരുമാറിയതെന്നും ഇവർ വിമാനമിറങ്ങിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. മെക്സിക്കോ ബോർഡർ വഴി അമേരിക്കയിലേക്ക് കുടിയേറിയവരാണ് ഇവരിൽ പലരും. അമേരിക്കയിൽ പ്രവേശിക്കാനായി ഇവർ ഓരോരുത്തരും ഏജന്റുമാർക്ക് 25 ലക്ഷം രൂപ വരെ നൽകിയിരുന്നു. കുടിയേറ്റ നിയമപ്രകാരം ഉദ്യോഗസ്ഥർ കണ്ടെത്തുന്നത് വരെ ഇവരിൽ പലരും അരിസോണ, കാലിഫോർണിയ, ടെക്‌സസ്, ജോർജിയ, ന്യൂജേഴ്‌സി, മിസിസിപ്പി എന്നിവിടങ്ങളിൽ ജോലി ചെയ്യുകയായിരുന്നു. അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്ന അടിയന്തര സർട്ടിഫിക്കറ്റ് നൽകിയാണ് ഇവർ തിരികെ എത്തിയത്. ഇവരിൽ ഭൂരിപക്ഷം പേരുടെയും പ്രായം 19നും 31നും ഇടയിലാണ്. ഇവരെ അമേരിക്കയിൽ എത്തിക്കാമെന്ന് പറഞ്ഞ് പണം വാങ്ങിയ ഏജന്റുമാരെ ഇത് വരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒക്ടോബറിൽ 311 ഇന്ത്യൻ വംശജരെ പുതിയ കുടിയേറ്റ നിയമം അനുസരിച്ച് അമേരിക്കയിൽ നിന്ന് നാടുകടത്തി ന്യൂഡൽഹിയിൽ എത്തിച്ചിരുന്നു.