priyanka-gandhi

ലക്നൗ: ഉത്തർപ്രദേശിൽ കോൺഗ്രസ് പാർട്ടിയെ അഴിച്ചുപണിയാനുള്ള ജനറൽസെക്രട്ടറി പ്രിയങ്കാഗാന്ധിയുടെ നീക്കങ്ങൾക്ക് തിരിച്ചടിയായി പാർട്ടിക്കുള്ളിലെ വിമതർ. ബുധനാഴ്ച ഉത്തർപ്രദേശ് പാ‌ർട്ടി ആസ്ഥാനത്ത് വിളിച്ച് ചേർത്ത മുൻ ജനപ്രതിനിധികളുടെയും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളായിരുന്നവരുടെയും യോഗത്തിൽ പങ്കെടുത്തത് വെറും 40പേർ മാത്രം. 350ഓളം പേരെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു.
ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലുള്ള അതൃപ്തിയാണ് ഒഴിഞ്ഞുമാറ്റത്തിന് പിന്നിലെന്നാണ് സൂചന. മുതിർന്ന നേതാക്കൾ ഇക്കാര്യം കോൺഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധിയോട് വ്യക്തമാക്കിയിരുന്നു. കാലങ്ങളായി പാർട്ടിക്കൊപ്പമുള്ള വിശ്വസ്തരായ പ്രവർത്തകർക്ക് മീതെ ഏകപക്ഷീയമായി പുതിയ നേതൃത്വത്തെ നിയമിച്ചത് ജനാധിപത്യപരമല്ലെന്ന് ഇവർ സോണിയാഗാന്ധിയോട് തുറന്നടിച്ചിരുന്നു. എന്നാൽ നേതൃനിരയിൽ യുവാക്കൾക്ക് മുൻഗണന നൽകാനായിരുന്നു പ്രിയങ്കയുടെ തീരുമാനം. ഇതിനെതിരെ വിമതർ യോഗം ചേർന്നിരുന്നു.