തിരുവനന്തപുരം: സംസ്ഥാനത്ത് പുനരുപയോഗമില്ലാത്ത എല്ലാ പ്ലാസ്റ്റിക് ഉത്പന്നങ്ങളും നിരോധിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ജനുവരി ഒന്നു മുതലാണ് നിരോധനം നിലവിൽ വരുക.
300 മില്ലി ലിറ്ററിന് താഴെയുള്ള പ്ലാസ്റ്റിക് കുപ്പികളും നിരോധിക്കും. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, പാത്രം,സ്പൂൺ, സ്ട്രോ, ഗാർബേജ് ബാഗുകൾ എന്നിവയെല്ലാം നിരോധിക്കും. അടുത്ത വർഷം ജനുവരി ഒന്നു മുതൽ നിരോധിത സാധനങ്ങളുടെ ഉത്പാദനവും വിതരണവും ഉപഭോഗവും പാടില്ല.
നിരോധനം ലംഘിച്ചാൽ ആദ്യഘട്ട പിഴ 10,000 രൂപയായിരിക്കും. നിയമലംഘനം തുടർന്നാൽ 50,000 പിഴയും തടവു ശിക്ഷയും വരെ ലഭിക്കും. എന്നാൽ പ്ലാസ്റ്റിക് കവറുകളും കുപ്പികളും തിരിച്ചെടുക്കാൻ തയ്യാറായിട്ടുള്ള മിൽമ, ബിവറേജസ് കോർപ്പറേഷൻ എന്നീ സ്ഥാപനങ്ങൾക്ക് ചില ഇളവുകൾ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിനുമാണ് നിരോധനം പ്രബല്യത്തിൽ വരുത്താനുള്ള ചുമതല. നിലവിൽ 50 മൈക്രോൺ വരെയുള്ള പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ് സംസ്ഥാനത്ത് നിരോധിച്ചിരിക്കുന്നത്.