തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ ഷെഹല ഷെറിൻ ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റു മരിക്കാനിടയായ സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇത്തരം അപകടങ്ങൾ ഉണ്ടാകുമ്പോൾ എങ്ങനെ പ്രതികരിക്കണം, അടിയന്തരമായി ചെയ്യേണ്ടത് എന്തൊക്കെ എന്ന് കുട്ടികളെ പഠിപ്പിക്കേണ്ടവരാണ് അദ്ധ്യാപകർ. ഇവിടെ കുട്ടികൾ പറയുന്നത്, തങ്ങൾ ആവശ്യപ്പെട്ടിട്ടും ചില അദ്ധ്യാപകർ ഷെഹല ഷെറിനെ വേണ്ട സമയത്ത് ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല എന്നാണ്. രക്ഷിതാക്കൾ എത്തിയ ശേഷം മാത്രമാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചതെന്നും ഈ കുട്ടികൾ പറയുന്നുണ്ട്. ഷെഹല ഷെറിന്റെ മരണം അത്യന്തം ദുഖകരമാണ്.
ആ കുഞ്ഞിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. അനാസ്ഥയോ അലംഭാവമോ കാട്ടിയവർക്കുമേൽ യുക്തമായ നടപടി ഉറപ്പാക്കാൻ ഇടപെടുകയും ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നേരത്തെ, വിദ്യാർത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂളിന് വീഴ്ച പറ്റിയതായും കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി രവീന്ദ്രനാഥ് പറഞ്ഞിരുന്നു.