കൊച്ചി: വെയിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ഷെയ്ൻ നിഗം സഹകരിക്കുന്നില്ലെന്ന് പരാതി. നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നേരത്തെ വിവാദമുണ്ടായിരുന്നു. ഷെയ്‌നും നിര്‍മാതാവ് ജോബി ജോർജും തമ്മിലുള്ള തർക്കം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ വെയിൽ സിനിമയുടെ ചിത്രീകരണത്തിനായി വരാമെന്ന് ഷെയ്ൻ സമ്മതിച്ചിരുന്നു. എന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് ഷെയ്ന്‍ ഷൂട്ടിംഗ് സ്ഥലത്ത് എത്തുന്നില്ലെന്നാണ് ജോബി ജോർജ് പരാതിയില്‍ ഉന്നയിക്കുന്നത്.
സിനിമയുമായി സഹകരിക്കാൻ തയ്യാറാവുന്നില്ലെന്ന് കാണിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പരാതി നൽകിയിരിക്കുകയാണ്. ഷെയ്‌നിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്നാണ് നിർമാതാക്കളുടെ സംഘടനയുടെ തീരുമാനം. ഷെയ്‌നിനെ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ അമ്മയെ അറിയിച്ചു. അങ്ങനെയെങ്കിൽ ഷെയ്‌നിന് വിലക്ക് വരാനുള്ള സാധ്യതയാണുള്ളത്. ഷെയ്ൻ സഹകരിക്കാത്തതിനെ തുടർന്ന് വെയിലിന്റെ ഷൂട്ട് മുടങ്ങിയിരിക്കുകയാണ്.
അതേസമയം ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ച വോയിസ് മെസേജും പുറത്തുവന്നിട്ടുണ്ട്. ശരത് നശിപ്പിക്കുന്നത് പ്രകൃതിയെ ആണെന്നും ശരത്തിന്റെ വാശി വിജയിക്കട്ടെ എന്നും പ്രകൃതി എപ്പോഴെങ്കിലും തിരിച്ചടിക്കുമല്ലോ അപ്പോൾ അനുഭവിച്ചോളും എന്നും ഷെയ്ൻ പറയുന്ന വോയിസ് ക്ലിപ്പാണ് പുറത്തായിരിക്കുന്നത്.