കൊട്ടാരക്കര: വയനാട്ടിൽ ക്ളാസ് മുറിയിൽ വിദ്യാർത്ഥിനി പാമ്പുകടിയേറ്റു മരിച്ച സംഭവം വിവാദമാകുന്നതിനിടെ,
സ്കൂളിൽ നിന്ന് വനത്തിൽ പഠനയാത്രയ്ക്കു പോകവെ പാമ്പുകടിയേറ്റ പന്ത്രണ്ടുകാരന് ചികിത്സ വൈകിച്ചതിന് സ്കൂൾ അധികൃതർക്കെതിരെ ബന്ധുക്കൾ ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകും. നെടുമൺകാവ് ഗവ.യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥി എ.എസ്.അഭിനവിനെയാണ് (12) പാമ്പു കടിയേറ്റതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 16 നാണ് പഠനയാത്രയ്ക്കായി കുട്ടികളും അദ്ധ്യാപകരും അടങ്ങുന്ന സംഘം തെന്മല വനത്തിൽ എത്തിയത്. രാവിലെ 11.30 ഓടെ വനത്തിലൂടെ സഞ്ചരിക്കുമ്പോൾ കുട്ടിയുടെ കാലിൽ പാമ്പ് കടിയേറ്റു. ഉടൻ പാലരുവിയിലെ സ്വകാര്യ ആശുപത്രിയിലും പുനലൂർ താലൂക്ക് ആശുപത്രിയിലുമെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
കുട്ടിക്ക് ആന്റി വെനം കുത്തിവയ്ക്കാൻ രക്ഷാകർത്താവിന്റെ സമ്മതപത്രം വേണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. പ്രഥമാദ്ധ്യാപികയുടെ സമ്മതപത്രം മതിയാകുമെന്ന് പറഞ്ഞെങ്കിലും അദ്ധ്യാപിക അതു നൽകാൻ തയ്യാറായില്ല. കൊട്ടാരക്കരയിൽ നിന്ന് രക്ഷിതാക്കൾ എത്തിയ ശേഷം ആന്റി വെനം നൽകിയാൽ മതിയെന്ന് പ്രഥമാദ്ധ്യാപിക നിർബന്ധം പിടിച്ചെന്നും, അതു കാരണം കുട്ടിയുടെ നില ഗുരുതരമായെന്നും ബന്ധുക്കൾ പറയുന്നു.
തീർത്തും ഗുരുതരാവസ്ഥയിലായ കുട്ടിയെ ഉച്ചയോടെയാണ് ഐ.സി.യുവിലേക്കു മാറ്റിയത്. പ്രഥമാദ്ധ്യാപികയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയ്ക്കെതിരെയാണ് മന്ത്രിക്കും മറ്റ് അധികാരികൾക്കും പരാതി നൽകുകയെന്ന് ബന്ധുക്കൾ പറഞ്ഞു. കുട്ടി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുമ്പോഴും സ്കൂളിൽ നിന്ന് ആരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു. പള്ളിമൺ അജി മന്ദിരത്തിൽ അജിത് കുമാറിന്റെയും സന്ധ്യയുടെയും മകനാണ് അഭിനവ്.