ayodhya-

ലക്‌നൗ: അയോദ്ധ്യയിൽ തർക്കഭൂമി സംബന്ധിച്ച സുപ്രിംകോടതി വിധി വന്നതിന് പിന്നാലെ രാമ ക്ഷേത്ര നിർമ്മാണത്തിന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി 500 കോടി രൂപ വാഗ്ദാനം ചെയ്തതായി വ്യാജപ്രചാരണം. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുളള മുകേഷ് അംബാനിയുടെ കൂടിക്കാഴ്ചയുടെ ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ ഈ ചിത്രം 2017ലേത് ആണെന്ന് കണ്ടെത്തുകയായിരുന്നു.

മുകേഷ് അംബാനിക്ക് പൂച്ചെണ്ട് നല്‍കി യോഗി ആദിത്യനാഥ് സ്വീകരിക്കുന്ന ചിത്രമാണ് വ്യാജപ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇത് അയോദ്ധ്യയിൽ ക്ഷേത്ര നിർമ്മാണത്തിന് 500 കോടി രൂപ വാഗ്ദാനം നല്‍കി കൊണ്ടുളള കൂടിക്കാഴ്ചയുടെ ചിത്രമാണ് എന്ന് പറഞ്ഞാണ് വ്യാജപ്രചാരണം നടന്നത്. സോഷ്യൽ മീഡിയയിൽ അടക്കം വ്യാപകമായാണ് ഇത് പ്രചരിച്ചത്. ചുരുങ്ങിയ സമയം കൊണ്ട് 7300 ഓളം ഷെയറാണ് ഇതിന് ലഭിച്ചത്.

എന്നാൽ 2017ൽ യോഗി ആദിത്യനാഥും മുകേഷ് അംബാനിയും പരസ്പരം കണ്ടുമുട്ടുന്നതിന്റെ ചിത്രമാണിതെന്ന് വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരിച്ചറിയുകയായിരുന്നു. 2017 ഡിസംബറിൽ ഇതുസംബന്ധിച്ച് പത്രങ്ങളിൽ വന്ന വാർത്തയും ഇത് വ്യാജപ്രചാരണമാണെന്ന് തെളിയിക്കുന്നു.

നവംബർ ഒൻപതിനാണ് അയോദ്ധ്യയിലെ തർക്കഭൂമി ഹിന്ദു സംഘടനകള്‍ക്ക് വിട്ടുനൽകിക്കൊണ്ടുള്ള കൊണ്ടുളള സുപ്രീംകോടതി ഉത്തരവ് വന്നത്.