shahla-shereen

സുൽത്താൻ ബത്തേരി:ക്ളാസ് മുറിയിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ളാസുകാരി ഷഹല ഷെറിൻ (10) മരിച്ച സംഭവത്തിൽ വയനാട്ടിലെ സ്കൂളുകളുടെ സുരക്ഷ നേരിട്ട് പരിശോധിക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർക്ക് വയനാട് ജില്ലാ കളക്ടറുടെ നിർദേശം. പാമ്പുകടിയേറ്റാൽ എന്ത് ചെയ്യണം എന്നതിൽ സർക്കാർ സ്വകാര്യ ആശുപത്രികൾക്ക് പരിശീലനം നൽകണം. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥർക്കും കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, പാമ്പ് കടിച്ച് സമയത്ത് ഷഹല തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞതായി ഷഹലയുടെ സഹപാഠികൾ വെളിപ്പെടുത്തി. "ഞങ്ങൾക്കു ഷൺമുഖൻ സാർ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണു സാറിനെ വിളിക്കുന്നു എന്നാരോ വന്നു പറഞ്ഞത്. സാർ അങ്ങോട്ടു പോയി. ഏതോ കുട്ടിയെ അട്ട കടിച്ചെന്നാണ് ആദ്യം കേട്ടത്. ഞങ്ങളു പോയി നോക്കി. ഒരു അട്ട കടിച്ചാൽ ഇത്രേം ചോര വരുമോയെന്നു ഞങ്ങളാലോചിച്ചു. അതിനിടെ ഷജിൽ സാർ ഞങ്ങളെ തിരിച്ചു ക്ലാസിൽ കയറ്റി. അപ്പോഴും ഷഹലയുടെ കാലിൽ നിന്നു ചോര വരുന്നുണ്ടായിരുന്നു. ബഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞത്. ഷഹലയ്ക്ക് കസേരയിൽ ശരിക്ക് ഇരിക്കാൻ പോലും കഴിയുന്നില്ലായിരുന്നു. പിന്നെ ക്ലാസ് ടീച്ചർ വന്നു വെള്ളം തളിക്കുകയൊക്കെ ചെയ്തു. വയ്യെന്നും ആശുപത്രിയിൽ കൊണ്ടു പോകണമെന്നും ഷഹല മൂന്ന് തവണ പറഞ്ഞു. പക്ഷേ, അവളുടെ ഉപ്പ വന്നിട്ടാണ് ആശുപത്രിയിൽ കൊണ്ടുപോയത് "-സഹപാഠി പറഞ്ഞു.

ഗവ. സർവജന ഹൈസ്കൂളി​ലെ അഞ്ചാംക്ളാസ് വി​ദ്യാർത്ഥി​നി​ ഷഹലയ്ക്ക് ബുധനാഴ്ച വൈകി​ട്ട് 3.15 നാണ് പാമ്പ് കടി​യേറ്റത്. എന്നാൽ അദ്ധ്യാപകരുടെ അനാസ്ഥകാരണം അഞ്ച് മണി​ക്കാണ് ആംബുലൻസി​ൽ മെഡി​.കോളേജ് ആശുപത്രി​യി​ലേക്ക് കൊണ്ടുപോയത്. അവി​ടെ എത്തി​ക്കും മുമ്പ് നി​ല മോശമായി​ ചേലോട് ആശുപത്രി​യി​ൽ കൊണ്ടുപോയെങ്കി​ലും 6.05 ന് കുരുന്ന് ഷഹല വി​ടപറഞ്ഞു. സംഭവത്തിൽ സ്കൂൾ അദ്ധ്യാപകൻ ഷജിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും കർശന നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.