student-death

സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ കൂടുതൽ അദ്ധ്യാപകർക്കെതിരെ നടപടിയുണ്ടായേക്കും. സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് അദ്ധ്യാപകരോട് ഉടൻ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയയം, പൊളിഞ്ഞുകിടക്കുന്ന ക്ലാസ് മുറികൾ നന്നാക്കാനും മാളങ്ങളും പൊട്ടലുകളും അടയ്ക്കാനും ഇന്ന് മുതൽതന്നെ നടപടിയെടുക്കാൻ കളക്ടർ ഉത്തരവിട്ടു.

വയനാട്ടിലെ മുഴുവൻ സ്കൂളും പരിസരവും ഉടൻ വൃത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉപ ഡയറക്ടർ ഉത്തരവിട്ടിട്ടുണ്ട്. ഇന്ന് തന്നെ ജില്ലയിലെ എല്ലാ സ്കൂളും പരിസരവും വൃത്തിയാക്കണമെന്നാണ് നിർദേശം. അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിൽ സ്കൂൾ അധികൃതർക്ക് വീഴ്ച പറ്റിയെന്ന് ഉത്തരവിൽ പറയുന്നു. ജാഗ്രതക്കുറവ് തുടർന്നാൽ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എല്ലാ ക്ലാസ് മുറികളും പ്രധാന അദ്ധ്യാപകൻ പി.ടി.എയുടെ നേതൃത്വത്തിൽ ഇന്ന് തന്നെ പരിശോധിച്ച് സുരക്ഷ ഉറപ്പ് വരുത്തണം. ക്ലാസ് മുറിയിൽ കുട്ടികൾ ചെരിപ്പ് ഉപയോഗിക്കുന്നത് വിലക്കരുതെന്നും ഉത്തരവിൽ പറയുന്നു.

കളിസ്ഥലത്തും വിവിധ ആവശ്യങ്ങൾക്ക് സ്കൂളിൽ സ്ഥാപിച്ചിരിക്കുന്ന ബോക്സുകളിലും പാമ്പ് വരാനുള്ള സാഹചര്യം ഇല്ല എന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്നും പ്രധാന അദ്ധ്യാപകന്റെ നിർദേശം സ്കൂളിലെ അദ്ധ്യാപകർ പാലിച്ചില്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും ഉത്തരവിൽ പറയുന്നു. വയനാട് ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും ഇതുസംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്.