തിരുവനന്തപുരം: ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനം തടയാൻ വ്യവസ്ഥ. സംസ്ഥാന സർക്കാർ തയ്യാറാക്കിയ തിരുവിതാംകൂർ-കൊച്ചി മതസ്ഥാപന ഭേദഗതി ബില്ലിലാണ് ക്ഷേത്രപരിസരസത്തെ ആയുധ പരിശീലനം തടയാൻ വ്യവസ്ഥചെയ്തിട്ടുള്ളത്. നിയമം ലംഘിക്കുന്നവർക്ക് ആറ് മാസം തടവോ 5000 രൂപ പിഴയോ ആണ് കരട് ബില്ലിൽ നിർദേശിച്ചിരിക്കുന്നത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചുള്ള ആയുധപരിശീലനം തടയാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും വ്യക്തമാക്കിയതിന് പിന്നാലെയാണ് തീരുമാനം.
സുപ്രീം കോടതി കഴിഞ്ഞ ദിവസം ശബരിമല ഭരണ സംവിധാനം സംബന്ധിച്ച ഹർജി പരിഗണിച്ചപ്പോൾ ഈ ബില്ലാണു കേരള സർക്കാർ ഹാജരാക്കിയത്. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് ആയുധ പരിശീലനം നടത്തുന്നതു തടയാൻ നിയമം ഭേദഗതി ചെയ്യുമെന്നു മുഖ്യമന്ത്രി കഴിഞ്ഞ ഫെബ്രുവരിയിലും ദേവസ്വം മന്ത്രി ഡിസംബറിലും നിയമസഭയിൽ പറഞ്ഞിരുന്നു. ക്ഷേത്രകാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്ക് ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ലെന്നും, ക്ഷേത്രങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്ക് ആയുധമുപയോഗിച്ചുള്ളതോ, അല്ലാത്തതോ ആയ പരിശീലനങ്ങളും ഡ്രില്ലിനോ ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിരുന്നു.
ക്ഷേത്ര കാര്യങ്ങളും ആചാരങ്ങളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കു ദേവസ്വത്തിന്റെ വസ്തുവകകൾ ഉപയോഗിക്കാൻ പാടില്ലെന്ന് കരടു ബില്ലിലെ 31(ബി) മൂന്ന് വകുപ്പിൽ പറയുന്നു. 31 (ബി) നാല് വകുപ്പിൽ ക്ഷേത്രങ്ങളിലെ ആചാരങ്ങളും ചടങ്ങുകളുമായി ബന്ധപ്പെട്ടതല്ലാത്ത കാര്യങ്ങൾക്കോ ആയുധം ഉപയോഗിച്ചുള്ളതോ അല്ലാത്തതോ ആയ മാസ് ഡ്രില്ലിനോ ദേവസ്വം വസ്തുവകകളോ പരിസരങ്ങളോ ഏതെങ്കിലും വ്യക്തിയോ സംഘടനയോ അസോസിയേഷനോ ഉപയോഗിച്ചാൽ ആറ് മാസം തടവ് അല്ലെങ്കിൽ 5000 രൂപ പിഴ. 31(ബി)അഞ്ച് വകുപ്പനുസരിച്ച്, നിയമ ലംഘനത്തിനു പൊലീസിനു നേരിട്ടു കേസെടുക്കാം. ജനുവരിയിൽ ബിൽ തയ്യാറായെങ്കിലും ശബരിമല പ്രക്ഷോഭവും ലോക്സഭ തിരഞ്ഞെടുപ്പും കാരണമാണ് തുടർനടപടികൾ നീണ്ടത്.