kodiyeri-balakrishnan

തിരുവനന്തപുരം: മാവോയിസ്റ്റുകളെ വർഗശത്രുവായി പാർട്ടി വിലയിരുത്തുന്നില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അട്ടപ്പാടിയിൽ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളിൽ താവളമുണ്ടാക്കാൻ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകൾ “തോക്കിൻ കുഴലിലൂടെ വിപ്ലവം’ എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കളാണെന്നും അദ്ദേഹം ആരോപിച്ചു. മാവോയിസ്റ്റ് വിവാദം ഇന്ന് സെക്രട്ടറിയേറ്റിൽ ചർച്ചചെയ്യാനിരിക്കെയാണ് ദേശാഭിമാനി ദിനപത്രത്തിലെഴുതിയ ലേഖനത്തിലൂടെയാണ് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.

'ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ മാവോവാദികൾ നീങ്ങിയിരുന്നു. എന്നാൽ, അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവർത്തനത്തിനുള്ള താവളമാക്കാൻ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള അതിഗൂഢമായ രാഷ്ട്രീയ അജൻഡയാണ് വെളിവാകുന്നത്' കോടിയേരി ലേഖനത്തിലൂടെ ആരോപിച്ചു.

'പണ്ട് നക്സലൈറ്റുകളെ എന്നപോലെ ഇപ്പോൾ മാവോയിസ്റ്റുകളെയും യഥാർഥ മാർക്സിസ്റ്റ്‐ ലെനിനിസ്റ്റുകാരായി സിപിഐഎം കാണുന്നില്ല. രാജ്യത്തിന്റെ ഏതു ഭാഗത്തായാലും ഉന്മൂലന സിദ്ധാന്തവുമായാണ് മാവോയിസ്റ്റുകൾ നിലകൊണ്ടത്. അവരിൽ നല്ലൊരു വിഭാഗം അനുഭവങ്ങളിൽനിന്ന് തെറ്റ് ബോധ്യമായി വ്യക്തികളെ വകവരുത്തുന്ന തോക്കുരാഷ്ട്രീയം ഉപേക്ഷിച്ച് പാർലമെന്ററി ‐ പാർലമെന്ററിയിതര മാർഗങ്ങളെ കൂട്ടിയോജിപ്പിച്ചുള്ള ബഹുജന വിപ്ലവപാതയിലേക്ക് വന്നിട്ടുണ്ട്. അത്തരം സംഘടനകളോടും പ്രവർത്തകരോടും സഹകരിക്കാൻ സിപിഐ എം തയ്യാറായിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് വിശാഖപട്ടണത്ത് നടന്ന സിപിഐ എം പാർടി കോൺഗ്രസിൽ ഐക്യദാർഢ്യം അറിയിക്കാൻ സിപിഐ എംഎൽ പ്രതിനിധി വരികയും അഭിവാദ്യപ്രസംഗം നടത്തുകയും ചെയ്തത്' കോടിയേരി വ്യക്തമാക്കി.

'മാവോയിസ്റ്റുകൾക്ക് എതിരെയുള്ള അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ പൊലീസ് നടപടി എൽഡിഎഫിന്റെയോ, പിണറായി വിജയൻ സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല. പക്ഷേ, സംസ്ഥാനത്തെ ക്രമസമാധാനം സംരക്ഷിക്കപ്പെടണമെന്നും ജനങ്ങൾക്ക് സമാധാന ജീവിതം ഉറപ്പാക്കണമെന്നതിലും എൽഡിഎഫിനും അതിന്റെ സർക്കാരിനും ഉറച്ച രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ ദുർബലപ്പെടുത്തുന്നതാണ് കേരളത്തെ മാവോയിസ്റ്റുകളുടെ താവളമാക്കാനുള്ള നീക്കം.

തോക്കും മറ്റ് ആയുധങ്ങളുമായി സംസ്ഥാനത്തെ ഒന്നിലധികം ജില്ലകളിലെ കാടുകളിലും മറ്റും തമ്പടിച്ചിരിക്കുന്ന മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുക എന്നതല്ല കേരള പൊലീസിന്റെ നയം. തോക്കേന്തി ഇവിടെ എത്തിയിട്ടുള്ള മാവോയിസ്റ്റുകൾ യഥാർഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സിപിഐ എമ്മിന് ഇല്ല. ഇക്കൂട്ടർ അരാജകവാദികളും യഥാർഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവർഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ഇങ്ങനെയൊക്കെയാണെങ്കിലും അതായത് ആയുധമേന്തിയവരാണെങ്കിൽ പോലും അവരെയെല്ലാം പൊലീസിനെയോ, സൈന്യത്തിനെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എൽഡിഎഫിനോ, സിപിഐ എമ്മിനോ ഇല്ല. കീഴടങ്ങാൻ വന്നവരെ വെടിവച്ചിട്ടു എന്നെല്ലാമുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണ്. മാവോവാദികൾ നിയമവിധേയരായി പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ അതിനെ തടയുന്ന ഒരു നടപടിയും എൽഡിഎഫ് സർക്കാരിൽനിന്നും ഉണ്ടാകില്ല'-അദ്ദേഹം ലേഖനത്തിലൂടെ വ്യക്തമാക്കി.