കിടാക്കന്മാർ ഡൈനിങ് ടേബിളിനു മുന്നിൽ ഇരിക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി.
''യശോധരാ... നീ ഇത് എന്തെടുക്കുകയാ?" അസ്വസ്ഥനായി ശേഖരകിടാവ് വിളിച്ചു ചോദിച്ചു.
അതിന് ഉത്തരം കിട്ടിയില്ല.
''ഇപ്പം കൊണ്ടുവരുമെടാ." ശ്രീനിവാസകിടാവ് അനുജനെ നോക്കി.
ശേഖരൻ അമർത്തി ഒന്നു മൂളി. ഇത്തരം ഒരവസ്ഥയിൽ അല്ലായിരുന്നെങ്കിൽ അയാൾ ചെന്ന് യശോധരന്റെ കവിൾ അടിച്ചു പുകച്ചേനെ...
പിന്നെയും സമയം കടന്നുപോയി.
''ഇന്ന് അവൻ എന്റെ കയ്യീന്നു മേടിക്കും."
പറഞ്ഞുകൊണ്ട് കസേര പിന്നിലേക്കു തള്ളി ശേഖരകിടാവ് ചാടിയെഴുന്നേറ്റ് കിച്ചണിലേക്കു പാഞ്ഞു.
''യശോധരാ..."
അയാളെ അവിടെ കാണാഞ്ഞു വിളിച്ചു.
അടുത്ത നിമിഷം അയാളുടെ കണ്ണുകൾ തറയിൽ പതിഞ്ഞു.
അവിടെ കിടക്കുന്നു യശോധരൻ.
''ചേട്ടാ...."
ശ്രീനിവാസകിടാവിനെ വിളിച്ചുകൊണ്ട് ശേഖരൻ യശോധരന്റെ അരികിലിരുന്നു.
അനുജന്റെ വിളിയിൽ നിന്നുതന്നെ അപകടം തിരിച്ചറിഞ്ഞ ശ്രീനിവാസകിടാവ് കിച്ചണിൽ പാഞ്ഞെത്തി.
പല്ലുകൾ കടിച്ചു കോർത്ത നിലയിലായിരുന്നു യശോധരൻ. ഒറ്റ നോട്ടത്തിൽ മരിച്ചു കിടക്കുകയാണെന്നേ തോന്നൂ...
''ഏയ്... എടാ."
കിടാവ് വേഗം പൈപ്പിൽ നിന്ന് ഒരു പാത്രത്തിലേക്കു വെള്ളം പകർന്ന് യശോധരന്റെ മുഖത്തു തളിച്ചു.
യശോധരന്റെ കൺപോളകൾ ഒന്നനങ്ങി. പിന്നെ ഷോക്കടിച്ചതുപോലെ അയാൾ ചാടിയെണീറ്റതും ഒറ്റ അലർച്ചയായിരുന്നു.
''അയ്യോ.... പ്രേതം!"
''ങ്‌ഹേ?"
കിടാക്കന്മാരും ഭയന്നു തിരിഞ്ഞു.
''എടാ ഇത് ഞങ്ങളാ..."
ശേഖരൻ അയാളുടെ കരണത്ത് ഒന്നു പൊട്ടിച്ചു.
സ്ഥലകാലബോധം തിരിച്ചുകിട്ടിയ യശോധരൻ അവരെ തുറിച്ചു നോക്കി.
''ഞങ്ങളെയാണോടാ നീ പ്രേതം എന്നു വിളിച്ചത്?"
അല്പനേരം ചകിതനായി ഇരുവരെയും തുറിച്ചുനോക്കി യശോധരൻ.
''ഇവിടെ.. ഇവിടെ കണ്ട പ്രേതം എന്തിയേ?"
കിടാക്കന്മാരുടെ പുരികം ചുളിഞ്ഞു.
''നീ എന്താടാ വല്ല സ്വപ്നവും കണ്ടോ?"
''സ്വപ്നമല്ല. സത്യം. പ്രേതം ദേ ഇവിടെ നിൽപ്പുണ്ടായിരുന്നു..."
യശോധരൻ തറയിൽ നിന്നു പഴത്തൊലി എടുത്തു കാണിച്ചു.
''ആ പ്രേതം എന്നെ ഇതുകൊണ്ട് എറിഞ്ഞു..."
കിടാക്കന്മാർക്ക് ഒന്നും മനസ്സിലായില്ല.
''നീ ഒന്നു തെളിച്ചു പറയെടാ." ശേഖരനു പെരുത്തു കയറി.
യശോധരൻ അറിയിച്ചു:
''നമുക്ക് കഴിക്കാൻ വേണ്ടി പുഴുങ്ങി വച്ചിരുന്ന നേന്ത്രക്കായ ഒരെണ്ണം പോലും കണ്ടില്ല ഞാൻ വന്നു നോക്കിയപ്പോൾ... പെട്ടെന്നാ ഒരു ശബ്ദം കേട്ടതും പഴത്തൊലി എന്റെ മുഖത്തു വന്നു വീണതും."
ശ്വാസം കിട്ടാത്തതു പോലെ യശോധരൻ ഏതാനും സെക്കന്റുകൾ നിന്നു. ശേഷം തുടർന്നു:
''ഞാൻ നോക്കുമ്പോൾ കരിമ്പടം പുതച്ച ഒരു രൂപം... മുഖമൊക്കെ കത്തിക്കരിഞ്ഞതു കണക്കെ... അത് എന്റെ നേരെ വരികയാണെന്നു തോന്നി. പിന്നെ എനിക്കൊന്നും ഓർമ്മയില്ല..."
കിടാക്കന്മാർ സ്തബ്ധരായി.
സുരേഷിനും ഹേമലതയ്ക്കും ഉണ്ടായി എന്നു പറഞ്ഞ അനുഭവങ്ങളാണ് ഇരുവർക്കും ഓർമ്മ വന്നത്. പിന്നെ സി.സി.ടിവിയിൽ കണ്ട കാഴ്ചകൾ...
''എന്നാലും എനിക്കങ്ങോട്ട് വിശ്വസിക്കുവാൻ..."
ശേഖരനു പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. ആ സെക്കന്റിൽ കോവിലകം കിടുങ്ങുന്ന ഒരട്ടഹാസം കേട്ടു.
''നിനക്ക് ഇപ്പോൾ വിശ്വസിക്കുവാൻ കഴിഞ്ഞില്ലെങ്കിലും ഒരിക്കൽ നിനക്കു വിശ്വസിക്കേണ്ടിവരും ശേഖരാ... അത് ഒരുപക്ഷേ നിന്റെ മരണത്തിനു തൊട്ടുമുമ്പായിരിക്കും."
ശേഖരൻ മാത്രമല്ല ശ്രീനിവാസകിടാവും യശോധരനും വിറച്ചുപോയി.
വീണ്ടും ആ ശബ്ദം കേട്ടു.
''ഇനി നിങ്ങൾക്ക് ഇവിടെ നിന്ന് ഒരു മടക്കയാത്രയില്ല. തുടങ്ങിവച്ചത് നിങ്ങളാണ് എല്ലാം. രാമഭദ്രൻ തമ്പുരാന്റെ കൊലപാതകം മുതൽ. ഇനി അവസാനിപ്പിക്കുന്നത് ഞാനാണ്. നിന്റെയൊക്കെ കൊലപാതകത്തിലൂടെത്തന്നെ.
മൂവരും ഭീതിയോടെ ചുറ്റും നോക്കി. പക്ഷേ ശബ്ദം എവിടെ നിന്നാണു വരുന്നതെന്ന് തിരിച്ചറിയാനാവുന്നില്ല.
കോവിലകത്തിന്റെ ഓരോ മൂലയിലും പ്രതിധ്വനിക്കുകയാണത്.
ശേഖരകിടാവ് ധൈര്യം സംഭരിച്ചു.
''നീയാരാണ്. ധൈര്യമുണ്ടെങ്കിൽ മുന്നിൽ വാ..."
മറുപടിയായി പിന്നെയും ചിരി കേട്ടു.
''ശരീരമില്ലാതെ ആത്മാവു മാത്രമായി നിൽക്കുന്ന ഞാൻ മുന്നിൽ വന്നാൽ നിങ്ങൾ എങ്ങനെ കാണും? തൊട്ടരികിലുണ്ട് ഞാൻ. നിങ്ങളുടെ പ്രാണവായുവിൽ പോലും ഞാനുണ്ട്. എന്നെക്കൂടിയാണ് നിങ്ങൾ ശ്വസിക്കുന്നത്. വേണമെങ്കിൽ നിങ്ങളുടെ ഹൃദയഭിത്തിയെ തകർത്ത് മരണത്തിലേക്ക് വലിച്ചെറിയാൻ എനിക്കു കഴിയും. അത് പക്ഷേ ഹൃദയസ്തംഭനമായി വ്യാഖ്യാനിക്കപ്പെടും. അങ്ങനെ പാടില്ല. ചെയ്തുപോയ തെറ്റുകളെല്ലാം നിങ്ങളെക്കൊണ്ട് എനിക്ക് എണ്ണിയെണ്ണി പറയിക്കണം. അതിനു ശേഷമേ മരണം എന്ന പ്രതിഭാസത്തിലേക്ക് നിങ്ങളെ ഞാനയയ്ക്കൂ. കാരണം ഇനി വരുന്ന തലമുറകൾക്കും ഒരു പാഠപുസ്തകമാകണം നിങ്ങൾ..."
ശേഷം കേട്ടത് ശക്തമായ കിതപ്പ്. പുരുഷന്റേതെന്നോ സ്‌ത്രീയുടേതെന്നോ തിരിച്ചറിയാനാവാത്ത ആ ശബ്ദത്തിന്റെ ഉടമ തങ്ങളുടെ തൊട്ടുമുന്നിൽ ഉണ്ടെന്നു മൂവർക്കും തോന്നി.
ശേഖര കിടാവ് കൈ നീട്ടി വായുവിൽ അടിച്ചു.
''നശിച്ചു പോ പിശാചേ..."
അടുത്ത നിമിഷം...
ഒരു സീൽക്കാരം കേട്ടു.
അവർ കണ്ടത് അന്തരീക്ഷത്തിൽ പറന്നുവരുന്ന ഒരു പാമ്പിനെയാണ്.
ഒഴിഞ്ഞുമാറുവാൻ അവസരം കിട്ടിയില്ല...
പാമ്പ് യശോധരന്റെ കഴുത്തിൽ ചുറ്റിവീണു.
ഒപ്പം ഒറ്റ കൊത്ത്.
യശോധരന്റെ തിരുനെറ്റിയിൽ... അതുകണ്ട് കിടാക്കന്മാർ അലറി. ആ അലർച്ച കോവിലകം ഏറ്റുപിടിച്ചു.
(തുടരും)