തിരുവനന്തപുരം: സുൽത്താൻ ബത്തേരിയിലെ ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ രൂക്ഷവിമർശനവുമായി നടനും സംവിധായകനുമായ നാദിർഷ. അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോയെന്ന് നാദിർഷ ചോദിക്കുന്നു. 'ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.......'-താരം കുറിച്ചു.
വിദഗ്ദ്ധചികിത്സ വൈകിയതാണ് ഷഹല ഷെറിൻ (10) എന്ന അഞ്ചാം ക്ലാസുകാരിയുടെ മരണത്തിനിടയാക്കിയതെന്ന് ആക്ഷേപം ഉയർന്നിരിക്കുകയാണ്. പഴക്കം ചെന്ന കെട്ടിടത്തിലെ മറ്റു പല ക്ലാസ് മുറികളിലും തറയിൽ മാളങ്ങളുണ്ടെന്ന് രക്ഷിതാക്കൾ പറഞ്ഞിരുന്നു. അതേസമയം, പാമ്പ് കടിച്ച് സമയത്ത് ഷഹല തന്നെ ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞതായി സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
അവൾക്ക് കിട്ടാത്ത എന്ത് കരുണയാണ് നമ്മൾ വിദ്യാഭ്യാസത്തിലൂടെ ആർജ്ജിക്കുന്നത്. സ്വന്തം മക്കളുടെ കാലിൽ ഒരു മുള്ളു കൊണ്ടാൽ ഇവർ സഹിക്കുമോ??
ഒരുപാട് സങ്കടം....
സോഷ്യൽ മീഡിയയിൽ പുതിയ വാർത്തകളും കേസുകളും വരും... വരുന്നവയൊക്കെ പെട്ടെന്ന് അപ്രത്യക്ഷ്യമാകുന്നത് പോലെ ഈ വാർത്തയും കുറച്ചു കഴിയുമ്പോൾ അപ്രക്ത്യഷ്യമാകും...മറക്കും. പക്ഷെ ആ കുഞ്ഞിനെ ബാപ്പ വരുന്നതുവരെ കാത്തിരുത്തിയ ആ മണിക്കൂർ ഉണ്ടല്ലോ..? അതിന് കണക്ക് പറഞ്ഞേ നീയൊക്കെ ഈ ഭൂമി വിടൂ... ദേഷ്യം.......