modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകൾ ഏറെ ചർച്ചകൾക്കും വിമർശനങ്ങൾക്കും എപ്പോഴും വഴിവച്ചിട്ടുണ്ട്. ലോക നേതാക്കളുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്ന മോദി ഇന്ത്യയുടെ സ്വാധീനശേഷിയും പ്രഭാവവും ഉയർത്തിയെന്ന വിലയിരുത്തലുമുണ്ട്. നയതന്ത്ര വിജയങ്ങൾക്ക് പല സന്ദർശനങ്ങളും വഴിയൊരുക്കിയിട്ടുമുണ്ട്. എന്നാൽ, ഏറ്റവും ഒടുവിലായി മോദി വിദേശത്തേക്ക് ചാർട്ടേഡ് വിമാന യാത്രകൾക്കായി ചിലവഴിച്ച തുകയുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ വിദേശയാത്രകൾക്കായി പ്രധാനമന്ത്രി ചിലവഴിച്ചത് 255 കോടി രൂപയാണ്. ചാർട്ടേഡ് വിമാന യാത്രയ്ക്കായാണ് ഇത്രയും രൂപ ചിലവഴിച്ചത്. വിദേശകാര്യ സഹമന്ത്രി വി.മുരളീധരനാണ് ഇക്കാര്യം രാജ്യസഭയിൽ വ്യക്തമാക്കിയത്. 2016,2017,2018 വർഷങ്ങളിലെ കണക്കുകളാണ് മുരളീധരൻ സഭയിൽ രേഖാമൂലം മറുപടി നൽകിയത്.

modi

2016-17ൽ ചാർട്ടേഡ് വിമാനങ്ങൾക്കായി 76.27 കോടി രൂപയും 2017-18ൽ ചിലവ് 99.32 കോടി രൂപയും ചിലവഴിച്ചതായി കണക്കുകളിൽ വ്യക്തമാക്കുന്നു. 2018-19ൽ79.91 കോടി ചാർട്ടഡ് വിമാനങ്ങൾക്കായി ചിലവഴിച്ചു. 2019-2020 ലഭ്യമായിട്ടില്ലെന്നും മുരളീധരന്റെ മറുപടിയിലുണ്ട്. 2016-2017ൽ ഹോട്ട് ലെെൻ സൗകര്യങ്ങൾക്കായി 2,24,75,451 ചിലവഴിച്ചപ്പോൾ 2017-2018ൽ 58,06,630രൂപയും സർക്കാർ ഖജനാവിൽ നിന്നും നൽകേണ്ടി വന്നു. പ്രധാനമന്ത്രിയുടെ ആഭ്യന്തര യാത്രകളെ കുറിച്ചും മന്ത്രി മറുപടി നൽകിയിട്ടുണ്ട്.

വിശിഷ്ട വ്യക്തികൾക്കും അതിവിശിഷ്ട വ്യക്തികൾക്കും വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിതക്കുന്നത് സംബന്ധിച്ച് കേന്ദ്രസർക്കാർ നയമുണ്ട്. രാജ്യത്തിനുള്ളിലെ യാത്രകൾക്ക് വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും പ്രധാനമനത്രി സൗജന്യമായാണ് ഉപയോഗിക്കുന്നതെന്നും വി.മുരളീധരൻ അറിയിച്ചു.