murder-case

ഭോപ്പാൽ: ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട ഭാര്യ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ കരോണ്ടി ഗ്രാമവാസിയായ മഹേഷ് ബനവാലി എന്ന 35 കാരനെയാണ് 32കാരിയായ പ്രമീള കൊലപ്പെടുത്തി,​ മൃതദേഹം അടുക്കളയിലെ സ്ലാബിനടിയിൽ കുഴിച്ചിട്ടത്. ഭർത്താവിനെ മറവ് ചെയ്ത സ്ഥലത്താണ് ഒരുമാസം യുവതി പാചകം ചെയ്തത്.

മഹേഷിന് സഹോദരനായ ഗംഗാറാമിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലയ്ക്ക് കാരണമെന്ന് പ്രമീള പൊലീസിനോട് പറഞ്ഞു. ഗംഗാറാമിന്റെ സഹായത്തോടെയാണ് കൊല നടത്തിയതെന്നും യുവതി പറഞ്ഞു. എന്നാൽ ഇയാൾ ഇത് നിഷേധിച്ചു.

ഒക്ടോബർ 22നാണ് കൊലപാതകം നടന്നത്. ശേഷം ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് പ്രമീള പൊലീസിൽ പരാതി നൽകുകയും ചെയ്തു. മഹേഷിന്റെ ജേഷ്ഠ സഹോദരൻ അർജ്ജുൻ ബൻവാൽ നവംബർ 21ന് പരാതി നൽകിയതോടെയാണ് സംഭവത്തിൽ വഴിത്തിരിവുണ്ടായത്. മഹേഷിനെ കാണാതായതോടെ ഇക്കാര്യം അന്വേഷിക്കാൻ വീട്ടിൽ ചെന്നപ്പോൾ പ്രമീള അകത്തേക്ക് കയറ്റിയില്ലെന്നാണ് അർജ്ജുൻ നൽകിയ പരാതി.

സംശയം തോന്നിയ പൊലീസ് പ്രമീളയുടെ വീട്ടിലെത്തി. അടുക്കളയിൽ നിന്ന് ദുർഖന്ധം വരുന്നതിനാൽ അവിടെ വിശദമായി പരിശോധിച്ചു. തുടർന്നാണ് മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഗംഗാറാം കുറ്റം നിഷേധിച്ചെങ്കിലും പ്രമീള ഒറ്റയ്ക്കല്ല കുറ്റകൃത്യം ചെയ്തത് എന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണം പുരോഗമിക്കുകയാണ്. പ്രമീളയ്ക്കും മഹേഷിനും നാല് പെൺമക്കളുണ്ടെന്ന് പൊലീസ് പറഞ്ഞു.