mohanlal-yesudas

1980കളുടെ അവസാനത്തോടെയായിരുന്നു അത്. എവർഗ്രീൻ ഹിറ്റുകളുടെ കാലമായ 80കളുടെ ഒടുവിൽ തനിക്ക് കിട്ടുന്ന പാട്ടുകൾ എല്ലാം പാടുന്നില്ലെന്ന് ഗാനഗന്ധർവൻ തീരുമാനമെടുത്തു. അന്നത്തെ മികവുറ്റ സംഗീത സംവിധായകർക്ക് അവസരം കുറഞ്ഞതാണ് കാരണങ്ങളിൽ ഒന്ന്. ചലച്ചിത്ര ഗാനങ്ങൾ പരമാവധി ഒഴിവാക്കി കച്ചേരികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനം. വരുന്ന 10 വർഷത്തേക്ക് തരംഗിണി സ്‌റ്റുഡിയോയ്‌ക്ക് വേണ്ടി മാത്രമേ പാടൂ എന്നും യേശുദാസ് തീരുമാനിച്ചു. ഈ സമയത്താണ് മോഹൻലാൽ സ്വന്തം പ്രൊഡക്ഷൻ കമ്പനിയായ പ്രണവം ആർട്‌സ് ആരംഭിക്കുന്നത്.

പ്രണവം ആർട്‌സിന്റെ ബാനറിൽ ഒരുക്കുന്ന ചലച്ചിത്രത്തിന് സംഗീതം ഒരുക്കാൻ രവീന്ദ്രൻ മാഷിനെയാണ് സമീപിച്ചത്. 90കൾ വരെ രവീന്ദ്രൻ സംഗീതം നൽകിയിരുന്ന ഗാനങ്ങൾ ഹിറ്റുകളായിരുന്നു. യേശുദാസിനോട് രവീന്ദ്രൻ കാര്യം പറഞ്ഞെങ്കിലും അദ്ദേഹം പാടാൻ തയ്യാറായില്ല. തരംഗിണിക്ക് വേണ്ടിമാത്രമേ താൻ പാടുന്നുള്ളുവെന്നും മറ്റൊരു ബാനറിനായി പാടുന്നില്ലെന്നും കട്ടായം പറഞ്ഞു. ദാസേട്ടൻ പാടുന്നില്ലെങ്കിൽ താൻ മറ്റുവല്ല പണിക്കും പോകാമെന്നായി രവീന്ദ്രൻ. ചിത്രത്തിലെ ചിലപാട്ടുകൾക്ക് സംഗീതം കൊടുത്തിട്ടുണ്ടെന്നും ഒന്നുകേൾക്കണമെന്നുമുള്ള രവീന്ദ്രന്റെ നിർബന്ധത്തിന് ഒടുവിൽ യേശുദാസ് വഴങ്ങി.

പാട്ടുകൾ കേട്ടുകഴിഞ്ഞപ്പോൾ യേശുദാസിന്റെ മുഖം തെളിഞ്ഞു. അങ്ങനെയാണ് ഹിസ് ഹൈനസ് അബ്‌ദുള്ളയിലെ സുന്ദര ഗാനങ്ങൾ പിറന്നത്. അതൊരു പുതിയ തുടക്കമായിരുന്നു. തൊട്ടടുത്ത വർഷം പ്രണവം ആർട്‌‌സ് തന്നെ നിർമ്മിച്ച സംഗീതസാന്ദ്രമായ ചിത്രം ഭരതവും സൂപ്പർഹിറ്റായി. രാമകഥാഗാനലയം എന്ന ഭരതത്തിലെ ഗാനത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരവും യേശുദാസിനെ തേടി എത്തി. രവീന്ദ്രൻ മാഷിന് പ്രത്യേക പരാമർശവും. തുടർച്ചയായി വർഷങ്ങളിൽ മികച്ച സംഗീത പുരസ്‌കാരങ്ങൾ മലയാളത്തിന് ലഭിച്ചതോടെ യേശുദാസ്- രവീന്ദ്രൻ കൂട്ടുകെട്ടിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമായി. മോഹൻലാൽ- സിബി മലയിൽ- ലോഹിതദാസ്- രവീന്ദ്രൻ- യേശുദാസ് ടീം പിന്നീട് ഒരുക്കിയത് ശ്രവണ സുന്ദര ഗാനങ്ങളുടെ പ്രവാഹമായിരുന്നു.