2019ലെ മിസ്റ്റർ കേരളയും ജിം ട്രെയിനറുമായ പ്രവീണിനും ട്രാൻസ്ജെൻഡർ യുവതിയായ ശിഖയ്ക്കും ഇത് പ്രണയസാഫല്യവേളയാണ്. ഓഗസ്റ്റ് 14ന് വിവാഹം കഴിഞ്ഞെങ്കിലും ബന്ധുക്കളുടെ സമ്മതത്തിനായി കാത്തിരിക്കുകയാണ് ഇരുവരും. ആ കാത്തിരിപ്പ് അവസാനിച്ചിരിക്കുകയാണ്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ, ജ്യോത്സ്യൻ കുറിച്ച മുഹൂർത്തത്തിൽ തൃശൂർ കണ്ണൻ കുളങ്ങര വിഷ്ണു ക്ഷേത്രത്തിൽ വച്ച് വീണ്ടും വിവാഹിതരായിരിക്കുകയാണ് ഇവർ.
ഒരു അപൂർവ പ്രണയകഥയാണ് ഇരുവർക്കും പറയാനുള്ളത്. ആദ്യമായി കണ്ടുമുട്ടിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു പ്രവീൺ ഇരിങ്ങാലക്കുട സ്വദേശിയായ ശിഖയ്ക്ക് താലി ചാർത്തിയത്. സോഷ്യൽ മീഡിയയിലൂടെയുള്ള സൗഹൃദം പ്രണയത്തിൽ കലാശിക്കുകയായിരുന്നു.
ഓഗസ്റ്റ് 13നാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. പിറ്റേദിവസം തൃശൂർ മാരിയമ്മൻ കോവിലിൽ വച്ച് താലികെട്ടുകയും,വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. എന്നാൽ ശിഖയെ കൂടെത്താമസിപ്പിക്കാൻ പ്രവീണിന്റെ വീട്ടുകാർ സമ്മതിച്ചില്ല.
വിലക്കുകൾക്കൊടുവിൽ ഇരുവരുടെയും പ്രണയത്തിന് വീട്ടുകാരും പച്ചക്കൊടി കാണിച്ചതോടെ ഇവർ വീണ്ടും ബന്ധുക്കളുടെ സാന്നിധ്യത്തിൽ തൃശൂർ കണ്ണൻകുളങ്ങര വിഷ്ണു ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി. നൃത്താധ്യാപികയും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമാണ് ശിഖ. മിസ്റ്റർ ഇന്ത്യ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പ്രവീണിപ്പോൾ.