തിരുവനന്തപുരം: വിൻഡീസിനെതിരായ ഇന്ത്യയുടെ ടി20 ടീം പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിനെ പരിഗണിക്കാത്തതിനെതിരെ ആരാധകർ രംഗത്തെത്തി. ബംഗ്ലാദേശിനെതിരായ ടി20 ടീമിൽ താരത്തെ ഉൾപ്പെടുത്തിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഡബിൾ സെഞ്ച്വറി അടക്കം മിന്നുന്ന പ്രകടനം കാഴ്ചവച്ച ശേഷമായിരുന്നു സഞ്ജുവിൻെറ ദേശീയ ടീമിലേക്കുള്ള വരവ്. എന്നാൽ, ബംഗ്ലാദേശിനെതിരെ ഒരു മത്സരത്തിൽ പോലും സഞ്ജുവിനെ കളിപ്പിച്ചില്ല.
ദയനീയ പരാജയമായിട്ടും ഋഷഭ് പന്തിനെ ടീമിൽ ഉൾപ്പെടുത്തി. എന്നാൽ, സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തിതിൽ കടുത്ത പ്രതികണങ്ങളാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പങ്കുവയ്ക്കുന്നത്. മലയാളി ക്രിക്കറ്റ് ആരാധകരിൽനിന്ന് സഞ്ജുവിനെ പിന്തുണച്ചും ബി.സി.സി.ഐയെ രൂക്ഷമായി വിമർശിച്ചുമുള്ള പ്രതികരണങ്ങളാണ്.
#BCCI What's so special about Rishabh Pant..?? Is he the only batsman option available out here..? He is being pampered despite repeated dismal performance. Drop pant.#SanjuSamson deserves a chance https://t.co/VDHTNo9gm2
— LIJO THOMAS (@lijoplathara) November 21, 2019
പിന്നാലെ പ്രതികരണവുമായി സഞ്ജു രംഗത്തെത്തി. ഫേസ്ബുക്കിൽ ഒരു സ്മെെലി മാത്രമാണ് താരം പങ്കുവച്ചത്. നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ. ഇതുവരെ എണ്ണായിരത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. ആയിരത്തോളം കമന്റും ഇരുന്നൂറ്റൻപതോളം ഷെയറും ഈ പോസ്റ്റിനു ലഭിച്ചത്.
ചീഫ് സെലക്ടർ എം.എസ്.കെ. പ്രസാദിന്റെ നേതൃത്വത്തിൽ ഇന്നലെ കൊൽക്കത്തയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ബംഗ്ളാദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ നിന്ന് വിട്ടുനിന്നിരുന്ന വിരാട് കൊഹ്‌ലി വിൻഡീസിനെതിരെ ഏകദിനത്തിലും ട്വന്റി-20യിലും ക്യാപ്ടൻസി ഏറ്റെടുക്കും. പേസർമാരായ മുഹമ്മദ് ഷമിയും ഭുവനേശ്വർ കുമാറും ട്വന്റി-20 ടീമിലേക്ക് തിരിച്ചെത്തി. ബംഗ്ളാദേശിനെതിരെ ട്വന്റി-20യിൽ അരങ്ങേറ്റം കുറിച്ച ആൾ റൗണ്ടർ ശിവം ദുബയ്ക്ക് ഏകദിന ടീമിലേക്കും അവസരം നൽകി.
കുൽദീപ് യാദവും ട്വന്റി-20 ടീമിൽ ഇടം പിടിച്ചു. ബംഗ്ളാദേശിനെതിരായ ട്വന്റി-20യിൽ ഹാട്രിക് നേടിയ ദീപക് ചഹർ ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഫോമില്ലാതെ തുടരുന്ന പന്തിനെ ഇരുടീമുകളിലും ഉൾപ്പെടുത്തി. വിൻഡീസിനെതിരായ പരമ്പരയിൽ രോഹിത് ശർമ്മയ്ക്ക് വിശ്രമം നൽകുമെന്നായിരുന്നു കണക്കുകൂട്ടൽ. അങ്ങനെയെങ്കിൽ സഞ്ജുവിന് അവസരം നൽകാമായിരുന്നു. എന്നാൽ, രോഹിതിന് വിശ്രമം എന്നത് സെലക്ടർമാരുടെ പരിഗണനയ്ക്ക് വന്നതേയില്ല.