വൈദ്യുത കാറുകളുടെ തലവര തന്നെ മാറ്റിയെഴുതിയ കമ്പനിയാണ് ടെസ്‌ല. മറ്റു സാധാരണ കമ്പനികളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ടെസ്ലയുടെ പ്രവർത്തനങ്ങൾ. ഈ രംഗത്തെത്തിയിട്ട് കുറച്ചു മാത്രമായ കമ്പനി തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിന്നു. വൈദ്യുതി മാത്രം ഉപയോഗിച്ചോടുന്ന ഏതാനും മോഡൽ കാറുകളാണ് കമ്പനി ഈ കാലയളവിൽ നിർമിച്ചത്. വൈദ്യുത കാറുകളെ മലിനീകരണം ഒഴിവാക്കമെന്ന നിലയിലാണ് മറ്റ് കമ്പനികൾ കണ്ടിരുന്നത്. എന്നാൽ ടെസ്ലയാവട്ടെ വൈദ്യുത കാറിന്റെ പെർഫോമൻസിന് പ്രധാന്യം നൽകി. ഇപ്പോഴിതാ ടെസ്‌ലയുടെ സ്വപ്ന പദ്ധതിയായ പിക്കപ്പ് ട്രക്കിന്റെ സവിശേഷതകൾ ലോകത്തോട് വിളിച്ചു പറയുകയാണ് കമ്പനി സി.ഇ.ഒ ഇലോൺ മസ്ക്. സോഷ്യൽ ലോകത്തിന്റെ കാത്തിരിപ്പിന് അവസാനം കുറിച്ചാണ് അദ്ദേഹം ഇന്ന് തന്റെ പുതിയ പിക്കപ്പ് ട്രക്കിന്റെ സവിശേഷതകൾ പുറത്തുവിട്ടത്. സൈബർ ട്രക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ വാഹനത്തെ കാലിഫോർണിയയിലെ ലോസാഞ്ചസലിൽ നടന്ന പ്രത്യേക പരിപാടിയിലാണ് ഇലോൺ മസ്ക് പുറത്തിറക്കിയത്.
മുഴുവനായും ഇലട്രിക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ വാഹനം ഒരു ഓഫ് റോഡ് ട്രക്കായാണ് ഇലോൺ മസ്ക് പുറത്തിറക്കിയത്. ആറ് പേർക്ക് യാത്ര ചെയ്യാവുന്ന സൈബർ ട്രക്കിന് മൂന്ന് പതിപ്പുകളുലായി 400, 482, 800 കിലോ മീറ്റർ വരെ ഒറ്റ ചാർജിൽ സഞ്ചരിക്കാനാവുമെന്ന് മസ്ക് ആവകാശപ്പെടുന്നു. വളരെ പെട്ടെന്ന് ആകർഷിക്കുന്ന സ്റ്റൈലിഷ് ലുക്കിലാണ് ട്രക്കിന്റെ രൂപകൽപന. ഒന്നാം പതിപ്പിൽ സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവ് മോഡലിന് ഒറ്റ ചാർജിൽ 400 കിലോമീറ്റർ പരിധിയും 3,400 കിലോഗ്രാം വഹിക്കാനുള്ള ശേഷിയുമുണ്ടാകും. 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 6.5 സെക്കന്റ്സ് മതിയാവുന്ന ഈ പതിപ്പിന്39,900 ഡോളറാണ് വില ( 28.61 ലക്ഷംരൂപ).
രണ്ട് ഇലട്രിക്ക് മോട്ടോറുകൾ ഉൾപ്പെടുത്തിയാണ് രണ്ടാം പതിപ്പ് ഇറക്കുക. ഫോർ വീൽ ഡ്രൈവിൽ പുറത്തിറങ്ങുന്ന ഈ മോഡലിൽ ഒറ്റ ചാർജിൽ 482 കിലോ മീറ്റർ പരിധിവരെ സഞ്ചരിക്കാനാവുമെന്ന് മസ്ക് അവകാശപ്പെടുന്നു. 4500 കിലോഗ്രാം വഹിക്കാൻ ശേഷിയുള്ള ഈ വാഹനത്തിന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 4.5 സെക്കന്റ്സ് മതി. ഇത് ഒന്നാം പതിപ്പിനെ അപേക്ഷിച്ച് വളരെ കുറവാണ്. ഇതിന്റെ വില 49,900 ഡോളറാണ് (35.84 ലക്ഷം രൂപ).
ആദ്യത്തെ രണ്ട് പതിപ്പിൽ നിന്നും വ്യത്യസ്തമായി, പെർഫോമൻസ് ഓറിയന്റഡായാണ് മൂന്നാം പതിപ്പിന്റെ ഇറക്കുക. മൂന്ന് ഇലട്രിക്ക് മോട്ടോർ ഘടിപ്പിക്കുന്ന ഈ മോഡലിന് 800 കിലോ മീറ്റർവരെ ഒറ്റ ചാർജിൽ സഞ്ചരിക്കും. വെറും മൂന്ന് സെക്കന്റ് കൊണ്ട് 100 കിലോ മീറ്റർ വേഗത കൈവരിക്കുന്ന മൂന്നാം പതിപ്പ് പോർഷെയുടെ 911 എന്ന മോഡലിനെ കടത്തിവെട്ടുമെന്നാണ് ടെസ്‌ല അവകാശപ്പെടുന്നത്. 6,350 ഭാരം വഹിക്കാൻ ശേഷിയുള്ള ഈ മൂന്നാം പതിപ്പിന് 69,000 ഡോളറാണ് വില ( 49.55 ലക്ഷം രൂപ).
ഒരു വാഹനത്തിന് നൽകേണ്ട രൂപകൽപ്പനയല്ല ഇലോൺ മസ്ക് സൈബർ ട്രക്കിന് നൽകിയിരിക്കുന്നത്. ട്രക്കിന്റെ ഒരു വശങ്ങളിൽ പോലും വൃത്താകൃതിയുള്ള പ്രതലങ്ങൾ നൽകിയിട്ടില്ല. മുഴുവൻ രൂപകൽപ്പനയും വളരെ മൂർച്ചയേറിയതും കൃത്യമായ അനുപാതത്തോടു കൂടി രൂപപ്പെടുത്തിയ വശങ്ങളുമാണ്. ദൂരെ നിന്ന് നോക്കുമ്പോൾ ഒരു പിക്കപ്പ് ട്രക്ക് പോലെ തോന്നിക്കുമെങ്കിലും വ്യത്യസ്തമായ രീതിയിലാണ് മസ്ക് ഡിസൈൻ പൂർത്തിയാക്കിയിരിക്കുന്നത്. സാധാരണയായി വാഹനങ്ങൾക്ക് നൽകുന്ന പരമ്പരാഗതമായ ഡിസൈൻ ഒരുക്കാൻ ഇലോൺ മസ്ക് ഒരിക്കലും താൽപര്യം പ്രകടിപ്പിച്ചിരുന്നില്ലെന്ന കാര്യം ടെസ്ല ആരാധകർക്ക് അറിയുന്ന കാര്യമാണ്. അതുകൊണ്ടാവും ഇങ്ങനെ ഒരു ഡിസൈനിൽ സൈബർ ട്രക്ക് പുറത്തിറക്കുന്നത്. 2021ന്റെ തുടക്കത്തിലാണ് ടെസ്ല സൈബർ ട്രക്ക് നിർമ്മാണം ആരംഭിക്കുക. 2022ഓടെ വാഹനം ഡെലിവറി ചെയ്യാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രീബുക്കിംഗ് ആരംഭിച്ചിട്ടുണ്ടെന്നും ഇലോൺ മസ്ക് അറിയിച്ചു.