ന്യൂഡൽഹി: എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് ഫ്ലാറ്റുകൾ നിർമ്മിച്ച കേസിൽ ഫ്ലാറ്റ് ഉടമകളുടെ പുന:പരിശോധന ഹർജി തുറന്ന കോടതിയിൽ കേൾക്കാമെന്ന് സുപ്രീം കോടതി വാക്കാൽ ഉറപ്പ് നൽകി. അതേസമയം, ഫ്ലാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാരിന് കൂടുതൽ സാവകാശം വേണമെങ്കിൽ കെ ബാലകൃഷ്ണൻ നായർ സമിതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുനീക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടുപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലെ പുരോഗതി വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോർട്ട് സർക്കാർ കോടതിയിൽ സമർപ്പിച്ചു. ജനുവരി 11ന് അൽഫ സെറീൻ, ഹോളിഫെയ്ത്ത് ഫ്ലാറ്റുകളും, 12ന് ജെയിൻ കോറൽകോവ്,ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങളാണ് സ്ഫോടനത്തിലൂടെ പൊളിച്ചു നീക്കുകയെന്ന് റിപ്പോർട്ടിൽ പറയുന്നു.
മേയ് എട്ടിനാണ് തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. ഒരുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും അനധികൃത നിർമ്മാണങ്ങൾ കാരണം ഇനിയും കേരളത്തിന് പ്രളയം താങ്ങാനാവില്ലെന്നും ജസ്റ്റിസ് അരുൺമിശ്ര അദ്ധ്യക്ഷനായ ബെഞ്ച് അന്ന് പറഞ്ഞിരുന്നു.
2006ൽ മരട് പഞ്ചായത്തായിരിക്കെ സി.ആർ സോൺ 3 ൽ ഉൾപ്പെട്ട പ്രദേശത്താണ് കെട്ടിടങ്ങൾ നിർമ്മിച്ചത്. പിന്നീട് മരട് മുനിസിപ്പാലിറ്റിയായി. നിലവിൽ അപ്പാർട്ട്മെന്റുകളുള്ള സ്ഥലം സി.ആർ സോൺ രണ്ടിലാണെന്നും ഇവിടത്തെ നിർമ്മാണങ്ങൾക്ക് തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നുമുള്ള കെട്ടിട ഉടമകളുടെ വാദം കോടതി തള്ളുകയായിരുന്നു.