1. വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റു മരിച്ച ഷഹ്ല ഷെറിന് ചികിത്സ നല്‍കാന്‍ വൈകിയെന്ന് ഡി.എം.ഒയുടെ റിപ്പോര്‍ട്ട് . ഷെഹ്ലയുടെ കാര്യത്തില്‍ വീഴ്ച സംഭവിച്ചു എന്ന് ഡി.എം.ഒ. ആന്റിവെനം വേണ്ട സമയത്ത് നല്‍കിയില്ല. ആശുപത്രിയില്‍ അനാവശ്യ കാലതാമസം ഉണ്ടാക്കി എന്നും റിപ്പോര്‍ട്ട്. ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ വിശദമായ അന്വേഷണം നടത്തും. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നു. ജില്ലാ കളക്ടറോടും എസ്.പിയോടും കമ്മിഷന്‍ റിപ്പോര്‍ട്ട് തേടും. അനാസ്ഥ കാണിച്ചവര്‍ക്ക് എതിരെ നടപടി വേണമെന്ന് നിര്‍ദേശിക്കും.
2. സംഭവം നടന്ന സ്‌കൂളില്‍ ജില്ലാ ജഡ്ജി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ വീഴ്ച സംഭവിച്ചുവെന്ന് കണ്ടെത്തിയതായി ജില്ലാ സെഷന്‍സ് ജഡ്ജി എ.ഹാരിസ്. സംഭവത്തില്‍ കൃത്യമായ നിയമ നടപടി സ്വീകരിക്കും എന്നും ജഡ്ജി അറിയിച്ചു. പ്രധാന അദ്ധ്യാപകനെ വിളിച്ചു വരുത്തും. അദ്ധ്യാപകരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. ജില്ലാ സെഷന്‍സ് ജഡ്ജിയുടെ പരിശോധന ഹൈക്കോടതി ജഡ്ജിയുടെ നിര്‍ദേശപ്രകാരം. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍പേഴ്സണും ഒപ്പം ഉണ്ടായിരുന്നു. സ്‌കൂളും പരിസരവും ഷഹലയ്ക്ക് പാമ്പുകടിയേറ്റ ക്ലാസ് മുറിയും ജില്ലാ ജഡ്ജിയും സംഘവും പരിശോധിച്ചു.
3. കുറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്നും ഉന്നതതലയോഗം വിളിച്ച് പ്രശ്നം ചര്‍ച്ച ചെയ്യും എന്നും ജില്ലാ ജഡ്ജി പറഞ്ഞു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് ആണ് ഉന്നതതല യോഗം. പരിശോധന റിപ്പോര്‍ട്ട് ഹൈക്കോടതിയ്ക്ക് സമര്‍പ്പിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കും. അദ്ധ്യാപകരുടെ ഭാഗത്തെ വീഴ്ചയും പരിശോധിക്കും. അതേസമയം, ഷഹലയുടെ മരണത്തില്‍ പ്രതിഷേധവും ആയി വിദ്യാര്‍ത്ഥികള്‍. അദ്ധ്യാപകര്‍ക്ക് എതിരെ ശക്തമായ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിള്‍ കരിങ്കൊടി പ്രതിഷേധം നടത്തുന്നു. അദ്ധ്യാപകര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുന്നത് വരെ ക്ലാസ് ബഹിഷ്‌കരിക്കും എന്നും വിദ്യാര്‍ത്ഥികള്‍. അതിനിടെ, ഷഹ്ലയുടെ മരണം ലോക്സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. എന്‍.കെ പ്രേമചന്ദ്രന്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി.
4. കോഴിക്കോട് പന്തീരങ്കാവില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയ നടപടി സര്‍ക്കാര്‍ പുന പരിശോധിക്കും എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. നിയമപരമായ പരിശോധനയിലൂടെ തിരുത്താന്‍ സര്‍ക്കാരിന് കഴിയും. നേരത്തെ ചിലര്‍ക്ക് എതിരെ യു.എ.പി.എ ചുമത്തി പിന്നീട് അത് തിരുത്തിയത് മറക്കരുത്. യു.എ.പി.എ പൊലീസ് ഉപയോഗിച്ചത് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമല്ല. യു.എ.പി.എ വിഷയത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും രണ്ട് തട്ടിലാണെന്ന പ്രചാരണം അസംബന്ധം ആണ് എന്നും യു.എ.പി.എ കരിനിയമം ആണെന്നതില്‍ സി.പി.എമ്മിന് സംശയം ഇല്ല എന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി.
5. മാവോയിസ്റ്റുകളെ വര്‍ഗ ശത്രുവായി സി.പി.എം വിലയിരുത്തുന്നില്ല. അട്ടപ്പാടിയില്‍ കൊല്ലപ്പെട്ടവരും കേരളത്തിലെ വിവിധ പോക്കറ്റുകളില്‍ താവളം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരുമായ മാവോയിസ്റ്റുകള്‍ തോക്കിന്‍ കുഴലിലൂടെ വിപ്ലവം എന്ന കാലഹരണപ്പെട്ട സിദ്ധാന്തത്തിന്റെ പ്രയോക്താക്കള്‍ ആണെന്നും കോടിയേരിയുടെ ആരോപണം. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നോക്കാ അവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയില്‍ വിവിധ പ്രദേശങ്ങളില്‍ വേരുറപ്പിക്കാന്‍ മാവോവാദികള്‍ നീങ്ങിയിരുന്നു. എന്നാല്‍ അത്തരം അവസ്ഥകളൊന്നും ഇല്ലാത്ത കേരളത്തെ തീവ്രവാദ പ്രവര്‍ത്തനത്തിനുള്ള താവളമാക്കാന്‍ നോക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താന്‍ ഉള്ള അതിഗൂഢമായ രാഷ്ട്രീയ അജന്‍ഡയാണ് വെളിവാകുന്നത്. ആയുധം ഉപേക്ഷിച്ചാല്‍ മാവോയിസ്റ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാഹചര്യം നല്‍കും എന്നും ലേഖനത്തില്‍ കോടിയേരി പറയുന്നു.
6. രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രയിലെ, സഖ്യ സര്‍ക്കാരിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ശിവസേന, എന്‍.സി.പി, കോണ്‍ഗ്രസ് സഖ്യസര്‍ക്കാര് ഇന്ന് മുംബയില്‍ ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ അഭിപ്രായ ഐക്യമായാല്‍ ഇന്ന് തന്നെ മഹാവികാസ് അഘാഡി എന്ന പുതിയ സഖ്യസര്‍ക്കാരിനെ പ്രഖ്യാപിക്കും. കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് രൂപം നല്‍കിയ പൊതു മിനിമം പരിപാടിക്കു സേനയുടെ അംഗീകാരം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകം ആകും. മുഖ്യമന്ത്രിപദം 5 വര്‍ഷം ശിവസേനയ്ക്ക് നല്‍കുന്നതില്‍ ഇരു കക്ഷികള്‍ക്കും എതിര്‍പ്പില്ല എങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. രണ്ടര വര്‍ഷം വീതം എന്‍.സി.പിയും, സേനയും മുഖ്യമന്ത്രി സ്ഥാനം പങ്കിടാം എന്നൊരു ഉപാധിയും വച്ചിട്ടുണ്ട്.
7. മുഖ്യമന്ത്രിയടക്കം 43 മന്ത്രിമാരെ ഉള്‍പ്പെടുത്താന്‍ ആണ് കോണ്‍ഗ്രസ് എന്‍.സി.പി നേതൃ യോഗത്തില്‍ പ്രാഥമിക ധാരണ. കോണ്‍ഗ്രസ് എന്‍.സി.പി നേതാക്കള്‍ ഇന്നലെ തന്നെ മുംബയിലെത്തി. രാവിലെ ഇരുപാര്‍ട്ടി നേതാക്കളും കൂടിക്കാഴ്ച നടത്തിയ ശേഷമാവും ശിവസേനയും ആയുള്ള സംയുക്ത ചര്‍ച്ച. ഡിസംബര്‍ ഒന്നിനകം സത്യപ്രതിജ്ഞ എന്നാണ് സേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞത്. അതേസമയം, സഖ്യത്തെ എതിര്‍ക്കുന്ന 17 ശിവസേന എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം ഉദ്ദവ് താക്കറെയെ കാണാന്‍ ശ്രമിച്ചിരുന്നു എങ്കിലും താക്കറെ അനുമതി നിഷേധിച്ച് ഇരുന്നു. അവസാനഘട്ടത്തിലെ കൂറുമാറ്റം തടയാന്‍ സേനാ എം.എല്‍.എമാരെ ഇന്ന് രാജസ്ഥാനിലെ റിസോര്‍ട്ടിലേക്ക് മാറ്റും എന്ന് സൂചന.