സുൽത്താൻ ബത്തേരി: ക്ലാസ് മുറിയിൽ അഞ്ചാം ക്ലാസുകാരി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രിൻസിപ്പളിനും ഹെഡ്മാസ്‌റ്റർക്കും സസ്‌പെൻഷൻ. സർവജന സ്കൂൾ പ്രിൻസിപ്പളെയും ഹെഡ്മാസ്റ്ററെയുമാണ് സസ്പെൻഡ് ചെയ്തത്. വിദ്യാഭ്യാസ ഡയറക്ടറുടേതാണ് നടപടി. ഇതുസംബന്ധിച്ച് കൂടുതൽപേർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. കൂടാതെ സ്കൂൾ പി.ടി.എ പിരിച്ചുവിടാനും തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിൽ ആരോപണ വിധേയനായ അദ്ധ്യാപകനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
നേരത്തെ, വിദ്യാർത്ഥി സംഘടനകൾ നടത്തിയ മാർച്ച് സംഘർഷത്തിനിടെയാക്കി. എസ്.എഫ്.ഐ, കെ.എസ്.യു, എം.എസ്.എഫ്, എ.ബി.വി.പി,എ.ഐ.എസ്.എഫ് എന്നീ സംഘടനകൾ സമരവുമായി വയനാട് കളക്ടറേറ്റിലെത്തി. എസ്.എഫ്.ഐ, കെ.എസ്.യു മാർച്ചുകളിൽ സംഘർഷമുണ്ടായി. പ്രവർത്തകരും പൊലീസും തമ്മിൽ ഏറ്റുമുട്ടി.
ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തിനു പിന്നാലെയാണ് എസ്.എഫ്.ഐ പ്രവർത്തകരെത്തിയത്. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനു സമീപമെത്തിയ പ്രവർത്തകരെ പൊലീസ് പുറത്താക്കി.സ്‌കൂൾ പി.ടി.ഐ. പിരിച്ചുവിടണമെന്ന എസ്.എഫ്.ഐയുടെ ആവശ്യം ഡി.ഡി.ഇ. അംഗീകരിച്ചതിനെ തുടർന്ന് സമരം അവസാനിപ്പിക്കുന്നതായി എസ്.എഫ്.ഐ. നേതൃത്വം അറിയിച്ചു.