കാൺപൂർ:സഹോദരിയുടെ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് സഹോദരൻ അപകടത്തിൽ മരിച്ചു. ഉത്തർപ്രദേശിലെ കാൺപൂരിലെ കരിയത്ധല ഗ്രാമത്തിലാണ് സംഭവം. സഹോദരിയുടെ വിവാഹത്തിന് രണ്ടുമണിക്കൂർ മുമ്പ് രാവിലെ ഏഴുമണിയോടെയാണ് വധുവിന്റെ അനിയനായ ഹിമാൻഷു യാദവ് വിവാഹത്തിന് ആവശ്യമായ ചില സാധനങ്ങൾ വാങ്ങാൻ പുറപ്പെട്ടത്.
എന്നാൽ അമിതവേഗത്തിലെത്തിയ ഒരു ട്രക്ക് ഹിമാൻഷുവിന്റെ ബൈക്ക് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ദൃക്സാക്ഷികൾ ആശുപത്രിയിലെത്തിച്ചെങ്കിലും അതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. തുടർന്ന് നാട്ടുകാർ ഈ വിവരം 18കാരന്റെ പിതാവിനെ അറിയിക്കുകയായിരുന്നു.
ഈ സമയം അദ്ദേഹം വിവാഹപ്പന്തലിൽ ഒരുങ്ങി നിൽക്കുന്ന മകൾ അഞ്ജുവിന്റെ ഭാവിയെക്കുറിച്ചാണ് ഓർത്തത്. ഒടുവിൽ ചടങ്ങ് പൂർത്തിയാക്കുംവരെ മരണവിവരം ആരോടും പറയേണ്ടെന്ന് അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ചടങ്ങുകൾക്ക് തൊട്ടുപിന്നാലെ മരണ വിവരം അറിയിച്ച ഉടൻ അദ്ദേഹം കുഴഞ്ഞുവീണു. മകളുടെ വിവാഹം മുടങ്ങരുതെന്ന ആഗ്രഹം മൂലമാണ് മരണവിവരം മറച്ചുവച്ചതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.