ഷഹല ഷെറിൻ എന്ന പെൺകുട്ടിയെ ക്ളാസ് റൂമിൽ വച്ച് പാമ്പ് കടിച്ചു; സ്വന്തം കാറിൽ സ്കൂളിൽ വരുന്ന അദ്ധ്യാപകരുണ്ടായിട്ടും ആരും സമയത്തിന് ആ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചില്ല. അകാലമരണത്തിന് കീഴടങ്ങിയ ആ കുഞ്ഞ് നമ്മുടെ മനഃസാക്ഷിക്ക് ഒരുപാട് വേദനയുണ്ടാക്കുന്നു. തലമുറകൾ പിന്നിടുന്തോറും അദ്ധ്യാപകർക്കുണ്ടാകുന്ന മാറ്റമാണ് ഒരളവു വരെ ഇതിന് കാരണം. മറ്ര് പല മേഖലകളെയും എന്നതുപോലെ അദ്ധ്യാപനവും ഒരു ബിസിനസായി മാറിക്കഴിഞ്ഞു. കുട്ടികളുമായുള്ള വൈകാരിക ഇഴയടുപ്പം ഇന്നത്തെ അദ്ധ്യാപകരിൽ കുറവാണ്. ഈ വാർത്തയിൽ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ച ഒരു കാര്യം അവിടത്തെ വിദ്യാർത്ഥികൾക്ക് ക്ലാസ് റൂമിൽ ചെരുപ്പ് ഉപയോഗിക്കാനുള്ള അനുവാദം ഇല്ലായിരുന്നു; അതേസമയം അദ്ധ്യാപകരുടെ മക്കളായ വിദ്യാർത്ഥികൾക്ക് ആ അവകാശം ഉണ്ടായിരുന്നു എന്നതാണ്. ഇങ്ങനെ ഒരു ശ്രേണി വ്യത്യാസം വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണേണ്ട അദ്ധ്യാപകർ ഒരിക്കലും കാണിക്കാൻ പാടുള്ളതല്ല.
ക്ളാസിൽ റൂമിൽ നിരന്നിരിക്കുന്ന മക്കൾ അവരുടെ അച്ഛനമ്മമാരോടൊപ്പം ചെലവിടുന്നതിനെക്കാൾ കൂടുതൽ സമയം ഒരുപക്ഷേ അദ്ധ്യാപകരോടൊപ്പമായിരിക്കും ചെലവിടുക. അതുകൊണ്ടുതന്നെ അവരെ കരുപ്പിടിപ്പിക്കാനും നന്മയിലേക്ക് നയിക്കാനും കൂടുതൽ അവസരം കിട്ടുക അദ്ധ്യാപകർക്കാണ്. സ്നേഹവും കരുണയും ഉണ്ടെങ്കിൽ മാത്രമേ ഒരു വ്യക്തിക്ക് നല്ല അദ്ധ്യാപകനാകാൻ കഴിയുകയുള്ളൂ. വിദ്യാർത്ഥികളെ സ്വന്തം മക്കളെപ്പോലെ കാണാനുള്ള കഴിവുണ്ടാകണം. ഷഹലയ്ക്ക് പകരം സ്വന്തം കുഞ്ഞിന്റെ കാലിലാണ് ആ പാമ്പ് കടിച്ചിരുന്നതെങ്കിൽ ഇവർ എന്ത് ചെയ്യുമായിരുന്നു. അതേരീതിയിലുള്ള കരുതൽ സ്വന്തം വിദ്യാർത്ഥികൾക്ക് കൂടി കൊടുക്കാൻ അദ്ധ്യാപകർ ബാദ്ധ്യസ്ഥരാണ്.
ഒരു വീട്ടിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമേയുള്ളൂ എങ്കിലും അവരെ സുരക്ഷിതരായി അച്ഛനമ്മമാർ സൂക്ഷിക്കുന്നു. അത്തരം ആയിരക്കണക്കിന് കുട്ടികളാണ് ഓരോ വിദ്യാലയത്തിലും പഠിക്കുന്നത്. അവർക്ക് സുരക്ഷ നൽകാനുള്ള ബാദ്ധ്യത വിദ്യാലയം നടത്തിപ്പുകാർക്കുണ്ട്. അറ്റകുറ്റപ്പണികൾ ചെയ്യാത്ത, പൊത്തുകളും മാളങ്ങളും നിറഞ്ഞ എലിയുടെയും പാമ്പിന്റെയും വിഹാരകേന്ദ്രമായ ഒരു കെട്ടിടത്തിൽ തങ്ങളുടെ കുട്ടികളെ പഠിക്കാനയച്ചിട്ട് എങ്ങനെ രക്ഷാകർത്താക്കൾക്ക് സമാധാനത്തോടെ ഇരിക്കാൻ കഴിഞ്ഞു? അദ്ധ്യാപകരുടെയും രക്ഷാകർത്താക്കളുടെയും സംഘടനകൾക്ക് ഇതൊന്നും കാണാനുള്ള കഴിവില്ലായിരുന്നോ?
ഒരുപാട് ധാർമ്മിക പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട് ഷഹലയുടെ ദയനീയമായ മരണം. 31 വർഷം അദ്ധ്യാപികയായിരുന്ന സ്ത്രീ, അമ്മ, അമ്മമ്മ എന്ന നിലകളിലൊക്കെ ഇത് എന്നെ വല്ലാതെ സ്പർശിക്കുന്നു, അസ്വസ്ഥയാക്കുന്നു. സഹപാഠിയുടെ ദുർവിധിയിൽ മനംനൊന്ത് വാർത്താ മാദ്ധ്യമങ്ങളിൽ പൊട്ടിത്തെറിക്കുന്ന പെൺകുട്ടികൾ പ്രതീക്ഷ നൽകുന്നു. അവരുടെ പ്രതികരണശേഷിയിലാണ് ഇനി അദ്ഭുതങ്ങൾ ഉണ്ടാകേണ്ടത്.