പനാജി : ജീവിക്കാൻ വേണ്ടിയുള്ള മനുഷ്യന്റെ നെട്ടോട്ടവും ദുരിതവും ലോകത്തെവിടെയും ഏറെക്കുറെ ഒരു പോലെയായിരിക്കുമെന്ന് അടിവരയിട്ടുറപ്പിക്കുന്ന പ്രമേയങ്ങളുമായി വിദേശ ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ ശ്രദ്ധയാകർഷിക്കുന്നു.
അഭയാർത്ഥികൾ,അനാഥരാകുന്ന കുഞ്ഞുങ്ങൾ,സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ ഒപ്പം പ്രകൃതിയെ ചൂഷണം ചെയ്യുന്നതിലൂടെ മാനവരാശി നേരിടുന്ന പ്രതിസന്ധികൾ...പല ചിത്രങ്ങളുടെയും പ്രമേയങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ അവ മനുഷ്യന്റെ ആകുലതകളിലേക്കും സാമൂഹിക ചുറ്റുപാടുകളിലേക്കും തുറന്നുവച്ച കാഴ്ചകളായി മാറുന്നു.
സൺ - മദർ
ഇറാനിയൻ ചലച്ചിത്രകാരി മഹ്നാസ് മൊഹമ്മദി സംവിധാനം ചെയ്ത സൺ-മദർ ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രേക്ഷക മനം കവർന്നു. മകനേയും മകളേയും വളർത്താൻ പെടാപ്പാടു പെടുന്ന വിധവയായ യുവതി അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മറ്റൊരു വിവാഹത്തിനു വഴങ്ങേണ്ടി വരുമ്പോൾ മകനെ കൈവിടേണ്ടി വരുന്ന ഒരമ്മയുടെ ദു:ഖവും മകന്റെ ഉത്കണ്ഠയും വൈകാരിക സമ്മർദ്ദത്തോടെ മാത്രമേ കണ്ടിരിക്കാനാവുകയുള്ളൂ. മകനെ പാർപ്പിക്കാൻ ഒരിടമില്ലാതെ ബധിരരുടെയും മൂകരുടെയും ബോർഡിംഗ് സ്‌കൂളിലേക്ക് മാറ്റുകയാണ്. തുടർന്നുണ്ടാകുന്ന നാടകീയമായ സംഭവ വികാസങ്ങൾ യഥാതഥമായി മൊഹമ്മദി ആവിഷ്‌കരിച്ചിരിക്കുന്നു. സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന മൊഹമ്മദിയെ ഇറാൻ സർക്കാർ പലവട്ടം ജയിലിലടച്ചിട്ടുണ്ട്.
സോറി വീ മിസ്ഡ് യൂ
വിഖ്യാത യൂറോപ്യൻ സംവിധായകൻ കെൻ ലോച്ച് മാജിക് വീണ്ടും പ്രേക്ഷകന് അനുഭവവേദ്യമാക്കുന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ സോറി വീ മിസ്ഡ് യൂ. പതിവുപോലെ സാമൂഹിക വിഷയത്തിലേക്കാണ് കെൻലോച്ച് ഇക്കുറിയും കാമറ തിരിക്കുന്നത്. ദി വിൻഡ് ദാറ്റ് ഷേക്സ് ദ ബാർലി,ഐ ഡാനിയൽ ബ്ളേക്ക് എന്നീ ചിത്രങ്ങളിലൂടെ രണ്ടുവട്ടം കാനിൽ പാം ഡി ഓർ കരസ്ഥമാക്കിയ ലോച്ച് ഒരു കുടുംബം അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളിലൂടെ ഇന്നത്തെ മനുഷ്യജീവിതത്തിന്റെ ദുരിതങ്ങൾ പകർത്തുകയാണ്.
തൊഴിലില്ലായ്‌മ, മുതലാളിത്വത്തിന്റെ അനുകമ്പയില്ലായ്‌മ, അവഗണിക്കപ്പെടുന്ന വാർദ്ധക്യം, കുട്ടികളും മാതാപിതാക്കളും തമ്മിലുളള ബന്ധത്തിലെ വിള്ളലുകൾ. എന്നിങ്ങനെ ഒന്നിലധികം വിഷയങ്ങളാണ് ലോച്ച് കൈകാര്യം ചെയ്യുന്നത്. കെൻ ലോച്ചിന്റെ സ്‌മൃതി പരമ്പരയുടെ ഉദ്ഘാടനവും ഇന്നലെ നടന്നു.
കൊങ്കണി ചിത്രങ്ങളെ ഒഴിവാക്കിയതിൽ വിവാദം.
ഇന്ത്യൻ പനോരമയിൽ ഒരു കൊങ്കണി ചിത്രവും ഉൾപ്പെടാതിരുന്നതിനെച്ചൊല്ലി വിവാദം പുകയുന്നു.കൊങ്കണി ഭാഷയിലേതിനേക്കാൾ മികച്ച ചിത്രങ്ങൾ മറു ഭാഷകളിൽ നിന്ന് വന്നതിനാലാണ് കൊങ്കണി ചിത്രങ്ങൾ തളളപ്പെട്ടതെന്ന് പനോരമ ജൂറിയുടെ ചെയർമാനായ പ്രിയദർശൻ പറയുകയുണ്ടായി.ഇത് ഗോവ ചലച്ചിത്ര പ്രേമികളെ രോഷാകുലരാക്കിയിട്ടുണ്ട്.എന്നാൽ കൊങ്കണി സിനിമകൾക്കു മാത്രമായി സ്പെഷ്യൽ പാക്കേജ് ചലച്ചിത്രോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ആറ് ചിത്രങ്ങളാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുളളത്.
ജല്ലിക്കട്ടിന്റെ പ്രദർശനം ഇന്ന്
മായി ഘട്ടിനു പുറമെ ചലച്ചിത്രോത്സവത്തിന്റെ രാജ്യാന്തര മത്സര വിഭാഗത്തിലെ ഇന്ത്യൻ എൻട്രിയായ ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട് ഇന്ന് പ്രദർശിപ്പിക്കും.