കൊച്ചി: നടി പാർവതി തിരുവോത്തിനെ ഫേസ്ബുക്കിലൂടെ അപമാനിച്ച എറണാകുളം സ്വദേശി കിഷോറിനെതിരെ പൊലീസ് കേസെടുത്തു. എലത്തൂർ പൊലീസാണ് കേസെടുത്തത്. മെസഞ്ചർ ആപ് കോളിലൂടെ സഹോദരനോട് തന്നെക്കുറിച്ച് മോശമായി സംസാരിച്ചെന്നും ഫേസ്ബുക്കിലൂടെ അപവാദങ്ങൾ പ്രചരിപ്പിച്ചെന്നുമാണ് പരാതി. കോളിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് പാർവതി പരാതി നൽകിയത്.
തന്റെ പേര് കിഷോർ എന്നാണെന്നും താൻ അഭിഭാഷകനാണെന്നുമാണ് സ്വയം പരിചയപ്പെടുത്തിയ ആളാണ് കഴിഞ്ഞ ഒരു മാസമായി പാർവതിക്കും കുടുംബത്തിനും ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചത്. അജ്ഞാത ഫോൺ കോളുകൾ, സന്ദേശങ്ങൾ എന്നിവ വഴി നിരന്തരം ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പരാതി നൽകിയത്. ഫേസ്ബുക്ക് മെസഞ്ചർ മുഖേനെ ആദ്യം പാർവതിയുടെ സഹോദരനെയാണ് കിഷോർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ ബന്ധപ്പെട്ടത്. പാർവതിയെക്കുറിച്ച് ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന് പറഞ്ഞു കൊണ്ടായിരുന്നു ഫോൺകോളുകൾ.
ഇന്ത്യൻ ശിക്ഷാ നിയമം 354 ഡി വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാൾക്ക് സിനിമയുമായും ബന്ധമുണ്ടെന്ന് പറയുന്നു. സഹോദരനോട് പാർവതി എവിടെയുണ്ടെന്ന് ചോദിച്ചപ്പോൾ അമേരിക്കയിലാണെന്ന് മറുപടി പറഞ്ഞു. എന്നാൽ, അവർ അമേരിക്കയിലല്ലെന്നും കൊച്ചിയിലാണെന്നും ചില മാഫിയക്കാരുടെ പിടിയിലാണെന്നും രക്ഷപ്പെടുത്തണമെന്നും ഇയാൾ ആവശ്യപ്പെട്ടു. സഹോദരൻ കോൾ കട്ട് ചെയ്തെങ്കിലും വാട്സാപ്പിലും മെസഞ്ചറിലും ഇയാൾ സന്ദേശമയച്ചു. പാർവതിയുമായി അടുപ്പമുണ്ടെന്നും അവകാശപ്പെട്ടു. സഹോദരന്‍ പ്രതികരിക്കാതിരുന്നതോടെ നടിയുടെ അച്ഛനെയും നിരന്തരം ശല്യപ്പെടുത്തിയിരുന്നു.