തിരുവനന്തപുരം: പതിനാലുകാരിയായ മകളെ യാചകരുൾപ്പെടെയുള്ള പരപുരുഷൻമാർക്ക് പീഡിപ്പിക്കാനായി അവസരമൊരുക്കിയ സ്ത്രീ അറസ്റ്റിലായി. വലിയമല പൊലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട 39 കാരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്. ഭർത്താവിന്റെ മരണശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി നിരവധി പുരുഷൻമാർക്കൊപ്പം കഴിഞ്ഞുവന്ന ഇവർ ഭർത്താവായി തനിക്കൊപ്പം കൂടുന്നവർക്കെല്ലാം മകളെയും പീഡിപ്പിക്കാൻ അവസരമൊരുക്കിയിരുന്നു. എന്നാൽ കുട്ടിയുടെ ശക്തമായ ചെറുത്ത് നിൽപ്പ് കാരണം പീഡനം നടന്നില്ല. പ്രകൃതി വിരുദ്ധത്തിനും മറ്റും കുട്ടിയെ അവർ ഇരയാക്കിയിരുന്നു. 2015 മുതൽ നിരന്തരം ഇത്തരം പീഡനങ്ങളേറ്റുവാങ്ങേണ്ടിവന്ന കുട്ടി ഒടുവിൽ മാനസികമായി തകർന്നു.
മനോനില തെറ്റിയ കുട്ടിയെ ചൈൽഡ് ലൈനിന്റെ നേതൃത്വത്തിൽ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മാനസിക നില വീണ്ടെടുത്ത കുട്ടിയിൽ നിന്ന് വിവരങ്ങൾ ചൈൽഡ് ലൈൻ അധികൃതർ ചോദിച്ച് മനസിലാക്കിയശേഷം അയൽവാസികളോടും മറ്റും അന്വേഷിച്ചപ്പോഴാണ് ഇവരുടെ വീട്ടിൽ രാത്രിയും പകലും നിരന്തരം ആളുകൾ വന്നുപോകാറുള്ളതായും പലപ്പോഴും കുട്ടിയുടെ കരച്ചിലും നിലവിളിയും വഴക്കും കേട്ടിട്ടുള്ളതായും വിവരം ലഭിച്ചത്.
ഇവർ അറിയിച്ചതനുസരിച്ച് വലിയമല പൊലീസെത്തി വനിതാ പൊലീസിന്റെ സഹായത്തോടെ കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തപ്പോഴാണ് ഭർത്താവിന്റെ മരണശേഷം നിരവധി പരപുരുഷൻമാരുമായി താൻ ബന്ധപ്പെട്ടിട്ടുള്ളതായും അവരുടെ പ്രേരണയിൽ മകളെയും പീഡിപ്പിക്കാൻ അവസരം ഒരുക്കിയതായും സമ്മതിച്ചത്. കുട്ടിയുടെ മൊഴിയുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കിയ ഇവർ റിമാൻഡിലാണ്.