ആലപ്പുഴ: ബാറ്റിന് പകരം ഉപയോഗിച്ച തടിക്കഷണം തലയിൽ കൊണ്ട് പന്ത്രണ്ടുകാരൻ മരിച്ചു. ചൂനക്കര ഗവ. യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായ ചാരുംമൂട് പുതുപ്പള്ളിക്കുന്ന് വിനോദ് ഭവനിൽ നവനീത്(12) ആണ് മരിച്ചത്.
ഭക്ഷണം കഴിച്ചശേഷം കൈകഴുകാൻ പൈപ്പിനടുത്തേക്ക് പോകുന്നതിനിടെ നവനീതിന്റെ തലയ്ക്കു പിന്നിൽ ബാറ്റ് പതിക്കുകയായിരുന്നു എന്നാണ് വിവരം. സ്കൂൾ മൈതാനത്ത് കളിക്കുകയായിരുന്ന ഒരു കുട്ടിയുടെ കൈയിൽ നിന്ന് അബദ്ധത്തിൽ തെറിച്ച് വീണതാണ് ബാറ്റ്.
നവനീതിനെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. എന്നാൽ പരിക്ക് ഗുരുതരമായതിനാൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. അതേസമയം വിദ്യാർത്ഥിയുടെ ശരീരത്തിൽ പരിക്കുകളൊന്നുമില്ലെന്ന് കായംകുളം ഗവ.ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു.