kerala-congress
kerala congress

 മാണി ഫൗണ്ടേഷൻ, മാണി മ്യൂസിയം, മാണി പ്രതിമ.... ജോസഫ് ഉഷാർ

കോട്ടയം: കേരള കോൺഗ്രസ്- എമ്മിലെ മൂപ്പിളമ തർക്കം തീർക്കാൻ ഉമ്മൻചാണ്ടിയും​ രമേശ് ചെന്നിത്തലയും മുൻകൈയെടുത്ത് യു.ഡി.എഫിൽ അനുരഞ്ജന നീക്കം. അതിനിടെ ഗ്രൂപ്പ് ശക്തി തെളിയിക്കാൻ ജോസ്- ജോസഫ് വിഭാഗങ്ങളുടെ കൊണ്ടുപിടിച്ച ശ്രമം. പാർലമെന്റ് സമ്മേളനം നടക്കുന്നതിനാൽ ജോസ് കെ. മാണി ഡൽഹിയിലാണ്. ഉമ്മൻചാണ്ടി ഡെങ്കിപ്പനി ബാധിച്ച് തലസ്ഥാനത്ത് ആശുപത്രിയിലും. അതുകൊണ്ട് ഇന്നു നടക്കാനിരുന്ന അനുരഞ്ജനചർച്ച മറ്റൊരു ദിവസത്തേക്ക് മാറ്റി.

സി.എഫ്. തോമസിനെ ചെയർമാനും ജോസ് കെ. മാണിയെ വർക്കിംഗ് ചെയർമാനും പി.ജെ. ജോസഫിനെ പാർട്ടി ലീഡറുമാക്കിയുള്ള ഒത്തുതീർപ്പ് ഫോർമുലയാണ് മദ്ധ്യസ്ഥർ മുന്നോട്ടുവയ്ക്കുന്നത്. ജോസഫിനൊപ്പമുള്ള സി.എഫ്. തോമസിനു പകരം ചെയർമാൻ സ്ഥാനം ജോസ് കെ. മാണിക്കു നൽകണമെന്നാണ് ആ വിഭാഗത്തിന്റെ ഡിമാൻഡ്. സമവായം വിജയിക്കുമെന്ന് ഉറപ്പില്ലെങ്കിലും യു.ഡി.എഫ് നേതാക്കൾ പ്രതീക്ഷ വെടിഞ്ഞിട്ടില്ല. ഇരുവിഭാഗങ്ങളെയും കയറൂരിവിടരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് വിളിച്ച യോഗത്തിൽ കോട്ടയം, ഇടുക്കി ഡി.സി.സി പ്രസിഡന്റുമാർ ആവശ്യപ്പെട്ടിരുന്നു. ഒന്നുകിൽ യോജിപ്പ്, അല്ലെങ്കിൽ രണ്ടു പാർട്ടി എന്ന അഭിപ്രായവും ഉയർന്നിട്ടുണ്ട്.

മാണി ഗ്രൂപ്പിന്റെ തട്ടകമായ കോട്ടയത്ത് പിടിമുറുക്കാനാണ് ജോസഫ് വിഭാഗത്തിന്റെ കളി. 30ന് പാലായിൽ നിയോജക മണ്ഡലം കൺവെൻഷൻ വിളിച്ചിരിക്കുകയാണ് ജോസഫ് വിഭാഗം. അന്നുതന്നെ മോൻസ് ജോസഫിന്റെ മണ്ഡലമായ കടുത്തുരുത്തിയിൽ ജോസ് വിഭാഗവും ശക്തി പ്രകടനത്തോടെ കൺവെൻഷൻ വിളിച്ചിട്ടുണ്ട്. ഡിസംബർ ആദ്യം കോട്ടയത്ത് ജോസഫ് വിഭാഗം കർഷക സംഗമം നടത്തുമ്പോൾ, ജോസ് വിഭാഗം ജോസഫിന്റെ തട്ടകമായ തൊടുപുഴയിലാണ് കർഷക സംഗമം നടത്തുന്നത്.

മാണി ഫൗണ്ടേഷൻ, മാണി മ്യൂസിയം, മാണി പ്രതിമ തുടങ്ങി മാണി വികാരമിളക്കി അണികളെ പിടിക്കാനുള്ള നീക്കവും ജോസഫ് വിഭാഗം തുടങ്ങി. മാണിയുടെ പ്രതിമ തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്നാണ്‌ പി.ജെ. ജോസഫ് ആവശ്യപ്പെടുന്നത്. മാണിക്ക് സ്മാരകം വേണമെന്നാവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നൽകി. പാലാ ഉപതിരഞ്ഞെടുപ്പിനു തലേന്ന് മാണി വിഭാഗത്തിൽ നിന്ന് മറുകണ്ടം ചാടിയ മുൻ പാലാ നഗരസഭാ ചെയർമാൻ കുര്യാക്കോസ് പടവൻ മാണി ഫൗണ്ടേഷനുമായാണ് കളത്തിലിറങ്ങിയത്. മാണിയുടെ കരിങ്ങോഴക്കൽ വീട് സ്മാരകമാക്കണമെന്ന ആവശ്യമുയർത്തി ജോസഫ് വിഭാഗം ജോസ് കെ. മാണിയെയും ഞെട്ടിച്ചിരിക്കുകയാണ്.