ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സ്മൈലി മാത്രമിട്ട് സഞ്ജു സാംസണിന്റെ മറുപടി
സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ കടുത്ത പ്രതിഷേധം
തിരുവനന്തപുരം : നൈസായിട്ടങ്ങ് ഒഴിവാക്കി കളഞ്ഞല്ലേ... മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ഫഹദ് ഫാസിലിന്റെ കഥാപാത്രം പറഞ്ഞ ഈ ഡയലോഗായിരിക്കും, നാല് വർഷത്തിന് ശേഷം ടീമിലേക്ക് വിളിച്ചിട്ട് ഒരവസരം പോലും നൽകാതെ ഒഴിവാക്കിയ ഇന്ത്യൻ ടീം മാനേജ്മെന്റിനോട് സഞ്ജു സാംസണിന്റെ ആരാധകരും ക്രിക്കറ്ര് പ്രേമികളും ചോദിക്കുന്നത്.
തിരുവനന്തപുരം കൂടി വേദിയാകുന്ന വെസ്റ്രിൻഡീസിനെതിരായ ട്വന്റി-20 പരമ്പരയ്ക്കള്ള ടീമിൽ നിന്ന് ഒഴിവാക്കിയെന്ന വാർത്തയറിഞ്ഞ ശേഷം തന്റെ ഫേസ് ബുക്ക് അക്കൗണ്ടിൽ സഞ്ജുവിട്ട സ്മൈലിയുടെ അർത്ഥവും ഇതു തന്നെയായിരിക്കും. സഞ്ജുവിന്റെ സ്മൈലി നിമിഷങ്ങൾക്കകം ട്രെൻഡിംഗായി.
കടുത്ത പ്രതിഷേധം
സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ കടുത്ത പ്രതിഷേധമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഇന്ത്യൻ ക്രിക്കറ്ര് ടീമിന്റെയും ബി.സി.സി.ഐയുടേയും ഫേസ് ബുക്ക് ട്വിറ്രർ പേജുകളിൽ ആരാധകരുടെ വലിയ രോഷപ്രകടനമാണ്. ഇന്ത്യൻ ടീം ലിസ്റ്രിന് താഴെ ആംഗ്രി ഇമോജികൾ കുന്നുകൂടുകയാണ്. ശശി തരൂർ എം,പി. ഹർഷ ഭോഗ്ലെ എന്നിവരുൾപ്പെടെയുള്ള പ്രമുഖരും സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ രംഗത്തെത്തി. ഉത്തരേന്ത്യൻ ലോബിയുടെ കളിയാണ് സഞ്ജുവിനെ ഒഴിവാക്കാൻ കാരണമെന്നാണ് ആരാധകരുടെ പക്ഷം.
ഋഷഭ് പന്തും കെ.എൽ.രാഹുലും ഫോം ഔട്ട് ആയിട്ടും തുടരെ അവസരങ്ങൾ നൽകുന്നതും ആഭ്യന്തര ക്രിക്കറ്റിൽ റെക്കാഡ് ഡബിൾ സെഞ്ച്വറി ഉൾപ്പെടെ നേടിയിട്ടും സഞ്ജുവിന് ഒരവസരം പോലും നൽകാത്തതുമാണ് ആരാധകരെ നിരാശരാക്കുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ സെലക്ടർ എം.എസ്.കെ പ്രസാദിനെതിരെയും വലിയ വിമർശനമാണ് ഉയരുന്നത്.
സഞ്ജുവും ടീം ഇന്ത്യയും
2014ലാണ് സഞ്ജുവിനെ തേടി ഇന്ത്യൻ ടീമിൽ നിന്ന് ആദ്യമായി വിളിവരുന്നത്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിലാണ് സഞ്ജുവിന് അവസരം ലഭിച്ചത്. പക്ഷേ ഒരു മത്സരത്തിൽപ്പോലും കളിപ്പിച്ചില്ല.
പിന്നീട് 2015ൽ സിംബാബ്വെ പര്യടനം നടത്തിയ ഇന്ത്യൻ ടീമിൽ സഞ്ജുവിന് ഇടം ലഭിച്ചു. ഒരു മത്സരത്തിൽ മാത്രമാണ് കളിച്ചത്. 19 റൺസ് നേടി. പിന്നീട് ബംഗ്ലാദേശിനെതിരായ കഴിഞ്ഞ ട്വന്റി-20 പരമ്പരയിലാണ് വിളിവരുന്നത്. പക്ഷേ ഒറ്റ മത്സരത്തിൽപ്പോലും കളിപ്പിച്ചില്ല.
ഒരിക്കൽപ്പോലും അവസരം കിട്ടാതെ സഞ്ജു ടീമിൽനിന്ന് തഴയപ്പെട്ടതിൽ വലിയ നിരാശ തോന്നുന്നു. മൂന്നു ട്വന്റി-20 മത്സരങ്ങളിലും സഞ്ജു സഹതാരങ്ങൾക്കായി വെള്ളം ചുമന്നു. ഇപ്പോൾ ടീമിനു പുറത്തുമായി. അവർ പരീക്ഷിക്കുന്നത് സഞ്ജുവിന്റെ ബാറ്റിംഗോ അതോ ഹൃദയത്തിന്റെ കരുത്തോ?
ശശി തരൂർ എം.പി
ട്വിറ്ററിൽ
സഞ്ജുവിനെ സംബന്ധിച്ച് ദുഖകരമായ തീരുമാനം. എങ്കിലും ടീമിനൊപ്പം എല്ലായിടത്തും സഞ്ചരിക്കുന്നതിനേക്കാൾ നല്ലത് കളത്തിലിറങ്ങി കളിക്കുന്നതായിരിക്കും. ഒരിക്കൽക്കൂടി ഋഷഭ് പന്തിൽ സെലക്ടർമാർ വിശ്വാസം രേഖപ്പെടുത്തിയിരിക്കുന്നു. ഇത്തവണ ടീം അദ്ദേഹത്തിൽനിന്ന് കൂടുതൽ പ്രതീക്ഷിക്കും.
ഹർഷ ഭോഗ്ലെ