sabarimala

കൊല്ലം: നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പരിപാടിയും മുഖ്യലക്ഷ്യവും ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കൽ മാത്രമല്ലെന്ന് കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റും നവോത്ഥാന മൂല്യസംരക്ഷണസമിതി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിയുമായ പി. രാമഭദ്റൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

നവോത്ഥാന മൂല്യസംരക്ഷണ മുന്നേ​റ്റ പ്രവർത്തനങ്ങളിൽ നിന്ന് മുഖ്യമന്ത്റി പിണറായി വിജയൻ വ്യതിചലിച്ചിട്ടില്ലാത്തതിനാൽ അദ്ദേഹം കൈകൊള്ളുന്ന നിലപാടുകൾക്കൊപ്പം നവോത്ഥാന മൂല്യസംരക്ഷണസമിതി നിലകൊളളും.
ശബരിമല യുവതീപ്രവേശനത്തിൽ യോജിപ്പും വിയോജിപ്പുമുള്ളവർ നവോത്ഥാന സമിതിയിലുണ്ട്. ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ലിംഗനീതി ഉറപ്പുവരുത്തണമെന്ന സി.പി.എം പൊളി​റ്റ് ബ്യൂറോ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ, അതിനു വിരുദ്ധവും ഉത്തരവാദിത്വരഹിതവുമായ സമീപനമാണ് മന്ത്റിമാരായ എ.കെ. ബാലനും കടകംപള്ളി സുരേന്ദ്രനും സ്വീകരിച്ചത്.
2018 സെപ്തംബർ 28ലെ സുപ്രീം കോടതി വിധി റദ്ദാക്കിയിട്ടില്ലാത്ത സ്ഥിതിക്ക് യുവതീ പ്രവേശനത്തിന് നിയമ തടസ്സമില്ലെന്നും രാമഭദ്രൻ പറഞ്ഞു.
നവോത്ഥാന മൂല്യസംരക്ഷണസമിതി കേന്ദ്ര സെക്രട്ടറിയേ​റ്റംഗവും ആൾ കേരള ചേരമർ ഹിന്ദു മഹാസഭ സംസ്ഥാന പ്രസിഡന്റുമായ വി. ആർ. രാജു, കേന്ദ്ര കമ്മി​റ്റിയംഗവും എഴുത്തച്ഛൻ സമാജം സംസ്ഥാന വൈസ് പ്രസിഡന്റുമായ പ്രൊഫ. ​ടി. ബി. വിജയകുമാർ, കേന്ദ്ര കമ്മി​റ്റിയംഗവും ദളിത് - ആദിവാസി മഹാസഖ്യം ജനറൽ സെക്രട്ടറിയുമായ നെയ്യാ​റ്റിൻകര സത്യശീലൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.