ജയ്പൂർ: 21-ാം വയസിൽ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയാകാനൊരുങ്ങുകയാണ് ജയ്പൂർ സ്വദേശി മായങ്ക് പ്രതാപ് സിംഗ്. 2018 ലെ രാജസ്ഥാൻ ജുഡിഷ്യൽ സർവീസ് പരീക്ഷയിൽ ഉന്നത റാങ്കോടെ വിജയം നേടിയതോടെയാണ് മായങ്ക് ചരിത്രത്തിലേക്കുള്ള വാതിൽ തുറന്നത്. 2014 ലാണ് മായങ്ക് രാജസ്ഥാൻ സർവകലാശാലയിൽ അഞ്ചു വർഷ എൽഎൽ.ബി ബിരുദത്തിന് ചേരുന്നത്. പഠനം പൂർത്തിയായ 2019ൽ തന്നെ ജഡ്ജിമാർക്കായുള്ള പരീക്ഷ എഴുതി. ആദ്യ ഉദ്യമത്തിൽ തന്നെ വിജയം കൈവരിക്കുകയും ചെയ്തു. ജുഡിഷ്യൽ സർവീസസ് പരീക്ഷ എഴുതാനുള്ള അടിസ്ഥാനപ്രായപരിധി 23 വയസായിരുന്നു. ഈ വർഷം രാജസ്ഥാൻ ഹൈക്കോടതി അത് 21 ആയി കുറച്ചു. 'സത്യസന്ധതയാണ് ഒരു ജഡ്ജിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഗുണമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ദിവസംപ്രതി 12 മുതൽ 13 മണിക്കൂർ വരെയുള്ള ചിട്ടയോടെയുളള പഠനമാണ് ഉന്നതപദവിയിലെത്തിച്ചത്. ഈ വിജയത്തിൽ ഞാൻ ആഹ്ളാദഭരിതനാണ്. നല്ല റിസൾട്ട് പ്രതീക്ഷിച്ചിരുന്നു. ഒരു നല്ല ജഡ്ജ് സത്യസന്ധനായിരിക്കണം. മറ്റ് പ്രലോഭനങ്ങളിൽ വീണുപോകരുത്. കൈയൂക്കിനും പണത്തിനും മുന്നിൽ അടിയറവ് പറയുന്നയാളാകരുത്.' - മായങ്ക് സിംഗ് പറഞ്ഞു.