popular-front

മൈസൂരു: കഴിഞ്ഞ ദിവസം മുൻ കോൺഗ്രസ് മന്ത്രിയും എം.എൽ.എയുമായ തൻവീർ സെയ്റ്റിനെതിരായ ആക്രമണത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ടാണെന്ന് കർണാടക പൊലീസ്. വിവാഹച്ചടങ്ങിനിടെയാണ് തൻവീർ സെയ്റ്റിനെ ആക്രമിച്ചത്. എം.എൽ.എയെ ആക്രമിച്ച സംഭവത്തിന്റെ ആസൂത്രകനായ ആബിദ് പാഷയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.

തൻവീറിനെ വെട്ടിയ അക്രമി ഫർഹാൻ പാഷക്ക് പരിശീലനം നൽകിയത് കേരളത്തിൽ വച്ചായിരുന്നുവെന്നും തെരുവ് നായകളുടെ കഴുത്തിന് വെട്ടിയാണ് സംഘം പരീശിലനം നടത്തിയതെന്നും പൊലീസ് പറയുന്നു. കോൺഗ്രസ് മുൻ മന്ത്രി തൻവീർ വധിക്കാൻ ശ്രമിച്ചത് പി.എഫ്.ഐയാണെന്ന് കർണാടക മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പ വ്യക്തമാക്കിയിരുന്നു. അതേസമയം പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവർത്തകരാണ് മുൻ മന്ത്രിയെ ആക്രമിച്ചതെന്നും ഇതിൽ ശക്തമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് സിദ്ദരാമയ്യ രംഗത്ത് വന്നു. സംഭവം സർക്കാർ ചർച്ച ചെയ്യുമെന്നും പി.എഫ്.ഐയെയും കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റിയെയും (കെ.എഫ്.ഡി) നിരോധിക്കാൻ കേന്ദ്രത്തിന് ശുപാർശ ചെയ്യുമെന്നും മുൻ ആഭ്യന്തരമന്ത്രി ആർ.അശോക് വ്യക്തമാക്കിയിട്ടുണ്ട്.