കൊല്ലം: എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനും തളർത്താനും ഒരു ശക്തിക്കും കഴിയില്ലെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം യൂത്ത് മൂവ്മെന്റ് തിരുവിതാംകൂർ മേഖലയുടെ 'യുവയോഗം 2019" ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം വിരുദ്ധ പ്രവർത്തനങ്ങൾക്ക് ചിലരുടെ കോടാലിക്കൈകളായി മാറുന്നവർ നിരാശപ്പെടേണ്ടി വരും. ശ്രീനാരായണ ഗുരുദേവൻ വിഭാവനം ചെയ്ത ഒരുമയുടെ തത്വദർശനത്തിലൂടെ മാത്രമേ സമുദായം നന്നാകൂ. ഭാരതത്തിന്റെ സാമൂഹിക സാംസ്കാരിക ജീവിതത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും മൂലസ്ഥാനം അരുവിപ്പുറം ക്ഷേത്രമാണ്. അവിടെ ഗുരു ഉയർത്തിയ സാമൂഹ്യ നീതിയുടെ ശംഖനാദമാണ് യോഗത്തിന്റെ കുതിപ്പിനു ശക്തി നൽകുന്നതെന്നും തുഷാർ പറഞ്ഞു.
യോഗം കൗൺസിലർ പി.ടി. മന്മഥൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർമാരായ പച്ചയിൽ സന്ദീപ്, എബിൻ അമ്പാടിയിൽ, വിപിൻ രാജ്, അസിസ്റ്റന്റ് സെക്രട്ടറിമാരായ വനജ വിദ്യാധരൻ, എൻ. സുന്ദരേശൻ, കെ.ഡി. രമേശ്, എസ്.എൻ ട്രസ്റ്റ് ബോർഡംഗം പ്രമോദ് കണ്ണൻ, യൂത്ത് മൂവ്മെന്റ് കോ-ഓർഡിനേറ്റർമാരായ സിനിൽ മുണ്ടപ്പള്ളി, അജി, സുരേന്ദ്രൻ പരുത്തിപ്പള്ളി, കെ. പത്മകുമാർ, സജീവ് കല്ലട, സൈബർ സേന ചെയർമാൻ അനീഷ് പുല്ലുവേലിൽ, ഡി. പ്രേംരാജ്, എൻ. രാജേന്ദ്രൻ, സന്തോഷ് ശാന്തി, ബാബു കടുത്തുരുത്തി, ബേബി റാം എന്നിവർ പങ്കെടുത്തു. പി.ടി. മന്മഥനും കെ.ഡി. രമേശും ക്ലാസ് നയിച്ചു.