nida-fathima-

വയനാട്: ബത്തേരിയിലെ സർവജന സ്കൂളിൽ പാമ്പു കടിയേറ്റ് ഷെഹ്‌ല ഷെറിൻ മരിച്ചത് മരണം ലോകം അറിഞ്ഞത് നിദ ഫാത്തിമ എന്ന ഏഴാംക്ലാസുകാരിയുടെ വാക്കുകളിലൂടെ.. ഷെഹലയുടെ മരണത്തെക്കുറിച്ച് തനിക്കറിയാവുന്നതെല്ലാം മാധ്യമങ്ങൾക്ക് മുന്നിൽ നിന്ന് വീറോടെ വിളിച്ചു പറയുന്ന നിദ ഫാത്തിമയെ. നാളയുടെ പ്രതീക്ഷയാണിതെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ഇവളെ വിശേഷിപ്പിക്കുന്നത്

" ബെഞ്ച് മറിഞ്ഞതാണ്, കല്ലു കൊണ്ടതാണ്, ആണി കുത്തിയതാണ് എന്നൊക്കെയാ ആ സാർ പറഞ്ഞത്. ഷെഹ്‌ലയ്ക്ക് കസേരയിൽ ഇരിക്കാൻ പോലും വയ്യായിരുന്നു..ആ കുട്ടി മൂന്നാലു വട്ടം പറഞ്ഞു ആശുപത്രിയിൽ കൊണ്ടുപോകാൻ..." ഷെഹലയ്ക്ക് എന്താണ് സംഭവിച്ചതെന്ന്, ഇക്കാര്യം പറഞ്ഞ് ചെന്നപ്പോൾ അധ്യാപകർ എങ്ങനെയാണ് തങ്ങളോട് പെരുമാറിയതെന്ന് വളരെ വ്യക്തമായി ലോകത്തോട് അവൾ വെളിപ്പെടുത്തുന്നുണ്ട്.

കൈ ചുരുട്ടി മുദ്രാവാക്യം വിളിക്കുന്ന നിദയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മിക്കവരുടെയും കവർ‌ഫോട്ടോ ആയി നിദ ഫാത്തിമ മാറിക്കഴിഞ്ഞു. ബന്ദിപ്പൂർ–മൈസൂർ ദേശീയപാതയിൽ രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് നടന്ന സമരത്തിൽ ചുറുചുറുക്കോടെ മുദ്രാവാക്യം വിളിക്കുന്ന ചിത്രമാണിത്.

ബന്ദിപ്പൂർ യാത്രാനിരോധന സമരവുമായി ബന്ധപ്പെട്ട് ജോൺസൺ പട്ടവയൽ എന്ന ഫൊട്ടോഗ്രഫർ പകർത്തിയ ചിത്രമാണിത്. നിദ ഇന്നലെ മാധ്യമങ്ങൾക്കു മുന്നിൽ സംസാരിക്കുന്നതും സമരത്തിനിടയിലെ ചിത്രവും കോർത്തിണക്കിയും പ്രചരിക്കുന്നുണ്ട്. പലരുടെയും കവർഫോട്ടോയും പ്രൊഫൈൽ ചിത്രവുമൊക്കെയായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി