udhav-thackeray-

മുംബയ്: മഹാരാഷ്‌ട്രയിൽ ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവിൽ ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന- എൻ.സി.പി- കോൺഗ്രസ് സഖ്യ സർക്കാരിന് സാദ്ധ്യത തെളിഞ്ഞു. ഉദ്ധവ് മുഖ്യമന്ത്രിയാകണമെന്ന് ഇന്നലെ മുംബയിൽ ചേർന്ന ത്രികക്ഷി നേതൃയോഗം ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നെന്ന് യോഗശേഷം എൻ.സി.പി നേതാവ് ശരദ് പവാർ പറഞ്ഞു. ഇന്ന് സംയുക്ത വാർത്താ സമ്മേളനത്തിൽ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

സർക്കാർ രൂപീകരണത്തിന് അവകാശവാദമുന്നയിച്ച് കക്ഷി നേതാക്കൾ ഇന്നു തന്നെ ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ കണ്ടേക്കും. രാഷ്ട്രപതിയുമായി കൂടിക്കാഴ്ചയ്ക്ക് ഇന്നു ന്യൂഡൽഹിക്ക് പോകാനിരുന്നത് ഗവർണർ ഉപേക്ഷിച്ചു. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സത്യപ്രതിജ്ഞ നടക്കും.

സോണിയാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം അഹമ്മദ് പട്ടേലും മല്ലികാർജുൻ ഖാർഗെയും കെ.സി. വേണുഗോപാലുമടക്കം കോൺഗ്രസ് നേതാക്കൾ ഇന്നലെ ചർച്ചയിൽ പങ്കെടുത്തു. പൊതുമിനിമം പരിപാടി അടക്കമുള്ളവയിൽ ഏകദേശ ധാരണയായതോടെയാണ് സർക്കാർ രൂപീകരണ നീക്കത്തിലേക്ക് കാര്യങ്ങൾ എത്തിയത്. ശിവസേനാ അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയും മകൻ ആദിത്യ താക്കറെയും ശരദ് പവറുമായി ഇന്നലെ ദീർഘമായ ചർച്ച നടത്തിയിരുന്നു.

ധാരണ ഇങ്ങനെ

മുഖ്യമന്ത്രി സ്ഥാനം അഞ്ചു വർഷവും ശിവസേനയ്ക്ക് നൽകാൻ ഇന്നലത്തെ യോഗം തീരുമാനിച്ചതായാണ് അറിയുന്നത്. കോൺഗ്രസിനും എൻ.സി.പിക്കും ഉപമുഖ്യമന്ത്രി പദം നൽകും. പാർട്ടികളുടെ സീറ്റെണ്ണം അനുസരിച്ചു മന്ത്രി സ്ഥാനങ്ങൾ വീതിക്കും. 16 മന്ത്രിമാർ ശിവസേനയ്ക്കും, 15 പേർ എൻ.സി.പിക്കും, 12 പേർ കോൺഗ്രസിനുമെന്നതാണ് ധാരണ.

'ഇന്ദ്രന്റെ സിംഹാസനം തരാമെന്നു പറഞ്ഞാലും ഇനി ബി.ജെ.പിയുമായി സഖ്യത്തിനില്ല".

സഞ്ജയ് റാവത്ത് ,

ശിവസേനാ നേതാവ്

മഹാരാഷ്ട്ര

ആകെ സീറ്റ്: 288

കേവല ഭൂരിപക്ഷം: 145

ശിവസേന: 56

എൻ.സി.പി : 54

കോൺഗ്രസ് : 44

മൂവരും ചേർന്ന്: 154