കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയുമായി ബന്ധപ്പെട്ട് മുൻ സി.പി.എം നേതാവ് മനോജിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വ്യാജവിൽപ്പത്രക്കേസിലാണ് അറസ്റ്റ്. ഒസ്യത്ത് വ്യാജമായി നിർമിക്കാൻ മുഖ്യപ്രതി ജോളിയെ സഹായിച്ചതിനാണ് അന്വേഷണസംഘം മനോജിനെ കേസിൽ പ്രതി ചേർത്തിരുന്നത്. മനോജിനെ നേരത്തെ സി.പി.എം പുറത്താക്കിയിരുന്നു.
എൻ.ഐ.ടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു മനോജ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് കാട്ടി സി.പി.എം മനോജിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. പണം വാങ്ങി വ്യാജ ഒസ്യത്തിൽ ഒപ്പിട്ടു കൊടുത്തു എന്നാണ് മനോജിനെതിരെ ഉയർന്ന ആരോപണം.
മൊഴിയെടുക്കുന്നതിനായി മനോജിനെ വിളിച്ചുവരുത്തി മണിക്കൂറുകളോളം ചോദ്യംചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപും പലതവണ മനോജിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ജോളി നടത്തിയ കൊലപാതകങ്ങളെക്കുറിച്ച് മനോജിന് ഉണ്ടായിരുന്ന അറിവ് സംബന്ധിച്ചും പൊലീസിന് ചില വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഇയാളെ പൊലീസ് മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയതിനു ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങും