ന്യൂഡൽഹി: രാജ്യാന്തര വ്യാപാരത്തിലെ സങ്കീർണതകൾ കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഈവർഷം ഇന്ത്യയ്ക്ക് സ്ഥാനം പിൻനിരയിൽ. ഹാർവാർഡ്‌സ് ഗ്രോത്ത് ലാബ് തയ്യാറാക്കിയ മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ 0.32 സ്‌കോറുമായി 45-ാം സ്ഥാനത്താണ് ഇന്ത്യ. മികച്ച 50 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത് കോസ്‌റ്റ റീക്ക, ഉറുഗ്വായ്, ബ്രസീൽ, റഷ്യ, ലെബനൻ എന്നിവയാണ്.

വ്യാപാര സങ്കീർണ ഏറ്റവും കുറഞ്ഞ രാജ്യം ജപ്പാനാണ്. സ്‌കോർ 2.28. ഹാർവാർഡ്‌സ് ഗ്രോത്ത് ലാബ് 1990കളിൽ പട്ടിക തയ്യാറാക്കി തുടങ്ങിയതു മുതൽ ഇതുവരെ ജപ്പാൻ ഒന്നാംസ്ഥാനം കൈവിട്ടിട്ടില്ല. സങ്കീർണതകൾ കുറഞ്ഞ വ്യാപാര നടപടിക്രമങ്ങൾ, തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും മികച്ച സൗകര്യം, വൈവിദ്ധ്യങ്ങളില്ലാത്ത ഉത്പന്ന ശ്രേണി, എന്നാൽ, അവയ്ക്ക് വിപുലമായ വിപണി എന്നിവയാണ് ജപ്പാന്റെ മികവുകൾ. അതേസമയം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്‌തത, വൈവിദ്ധ്യങ്ങളായ ഉത്‌പന്നങ്ങളും ചെറിയ വിപണിയും, നടപടിക്രമങ്ങളിലെ സങ്കീർണതകൾ എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്.

2.14 സ്‌കോറുമായി സ്വിറ്റ്‌സർലൻഡാണ് പട്ടികയിൽ രണ്ടാമത്. കാറുകൾ, ഐ.ടി - കമ്മ്യൂണിക്കേഷൻ - ടെക്‌നോളജി (ഐ.സി.ടി) ഉത്‌പന്നങ്ങൾ എന്നിവയാണ് ജപ്പാന്റെ പ്രധാന ഉത്‌പന്നങ്ങൾ. ഐ.സി.ടിക്ക് പുറമേ കാർഷികോത്പന്നങ്ങൾ, വസ്‌ത്രം തുടങ്ങിയവയാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. ആഗോളതലത്തിൽ ഔദ്യോഗികമായി രേഖപ്പെടുത്തപ്പെട്ട 6,000 ഉത്‌പന്നങ്ങളാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ജർമ്മനിയെ നാലാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് രണ്ടാംസ്ഥാനം സ്വിറ്ര്‌സർ‌ലൻഡ് പിടിച്ചെടുത്തത്. 2.05 സ്‌കോറുമായി ദക്ഷിണ കൊറിയ മൂന്നാമതുണ്ട്. 2.02 ആണ് ജർമ്മനിയുടെ സ്‌കോർ. 1.81 സ്‌കോറുമായി സിംഗപ്പൂർ അഞ്ചാംസ്ഥാനം നേടി.

സൗദിയും പാകിസ്ഥാനും

ഇന്ത്യയ്ക്ക് പിന്നിൽ

സൗദി അറേബ്യ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇൻഡോനേഷ്യ, വെനസ്വേല തുടങ്ങിയ രാജ്യങ്ങളിൽ വ്യാപാര സങ്കീർണത കൂടുതലാണെന്ന് ഹാർവാർഡ്‌സ് ഗ്രോത്ത് ലാബ് പട്ടിക വ്യക്തമാക്കുന്നു. 0.12 ആണ് സൗദിയുടെ സ്‌കോർ; റാങ്ക് 56. പാകിസ്ഥാന് റാങ്ക് 94. സ്‌കോർ നെഗറ്രീവ് 0.62.