ബത്തേരി: വയനാട്ടിലെ ബത്തേരിയിൽ ക്ലാസ് മുറിയില്‍ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവത്തെ തുടർന്ന് കർശന നിർദേശങ്ങളുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ. ദാരുണ സംഭവങ്ങൾ ആവര്‍ത്തിക്കാതിരിക്കാൻ മുൻകരുതലുകൾ എടുക്കണമെന്ന് എടുക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദ്ദേശം നൽകി..
നവംബർ 30ന് മുൻപ് എല്ലാ സ്‌കൂളുകളിലും പി.ടി.എ മീറ്റിംഗ് വിളിച്ചു ചേർത്ത് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ മുൻകരുതൽ എടുക്കണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. സ്‌കൂളുകളിൽ ദ്വാരങ്ങളോ വിളളലുകളോ ഉണ്ടെങ്കിൽ അടുത്തമാസം അഞ്ചിന് മുൻപ് അടയ്ക്കണം, ക്ലാസ് മുറികളിൽ പാദരക്ഷകൾ ഉപയോഗിക്കുന്നത് വിലക്കരുത്, സ്കൂൾ പരിസരങ്ങളിലെ പാഴ്ചെടികളും പടർപ്പുകളും വെട്ടിമാറ്റാൻ നടപടിയെടുക്കണം എന്നും സർക്കുലറിൽ പറയുന്നു.
ടോയ്‌ലെറ്റുകളിൽ വെളിച്ചം ഉറപ്പാക്കണം, സ്കൂൾ പരിസരത്ത് പാഴ് വസ്തുക്കൾ കൂട്ടിയിട്ടിട്ടുണ്ടെങ്കിൽ ഉടൻ നീക്കം ചെയ്യണം, വിദ്യാർത്ഥികൾക്ക് ചെറിയ അസ്വസ്ഥത ഉണ്ടായാൽ പോലും ജാഗ്രതയോടെ വൈദ്യസഹായത്തിനുളള നടപടി എടുക്കണം എന്നും സർക്കുലറിൽ നിർദേശിച്ചിരിക്കുന്നു. നടപ്പാക്കിയ കാര്യങ്ങളുടെ പുരോഗതി ഡിസംബർ 10ന് മുൻപായി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കാനും നിർദേശം നൽകിയിട്ടുണ്ട്.