kpa-majeed

കോഴിക്കോട്: ബത്തേരി സർക്കാർ സ്‌കൂൾ വിദ്യാർത്ഥിനി ഷഹല ഷെറിൻ ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്തം വിദ്യാഭ്യാസ വകുപ്പിനും ആരോഗ്യ വകുപ്പിനുമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു.ഇടതുപക്ഷം ഭരിക്കുന്ന നഗരസഭയുടെ അനാസ്ഥയും ഈ ദുരന്തത്തിനു കാരണമാണ്. സ്‌കൂളുകൾ തുറക്കും മുമ്പ് ഫിറ്റ്‌നസ് ഉറപ്പ് വരുത്തേണ്ടത് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. എന്നാൽ ഈ വീഴ്ച മൂടിവെക്കാനായി കാടടച്ച് വെടിവെക്കുകയാണ് മന്ത്രിമാർ ചെയ്തുകൊണ്ടിരിക്കുന്നത്. ബത്തേരി താലൂക്ക് ആശുപത്രിയിലെത്തിച്ച ശേഷം ഒരു മണിക്കൂറോളം ചികിത്സ വൈകിപ്പിച്ചതിന്റെ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനുമുണ്ട്. വിദ്യാർത്ഥിനിയുടെ ബന്ധുക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. കുറ്റക്കാരായ അദ്ധ്യാപകരെ മാതൃകാപരമായി ശിക്ഷിക്കണം.

കാടുപിടിച്ച അന്തരീക്ഷത്തിലാണ് സ്‌കൂൾ കെട്ടിടം. ടോയ്‌ലറ്റ് സൗകര്യം പോലുമില്ലെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. ബിൽഡിംഗ് ഫിറ്റ്‌നസ് ഉറപ്പ് വരുത്തേണ്ട നഗരസഭ അധികൃതരും കുറ്റക്കാരാണ്. ഗ്രാമീണ മേഖലകളിലെ സർക്കാർ വിദ്യാലയങ്ങളുടെ വികസനത്തിന് സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മജീദ് ആവശ്യപ്പെട്ടു.