കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റിൽ പുതു ചരിത്രത്തിന് നാന്ദികുറിച്ച് രാജ്യം വേദിയാകുന്ന ആദ്യ ഡേ-നൈറ്റ് ടെസ്റ്റിന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ തുടക്കമായി. ചരിത്ര ടെസ്റ്റിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ഇന്ത്യൻ ബൗളിംഗ് ആക്രമണത്തിന് മുന്നിൽ ഒരിക്കൽക്കൂടി കളിമറന്നു. വെറും 103 റൺസിൽ അവരുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചു. 5 വിക്കറ്റെടുത്ത വെറ്റ്റൻ പേസർ ഇശാന്ത് ശർമ്മയാണ് പിങ്ക് പന്തിൽ ബംഗ്ലാദേശിനെ പിച്ചി ചീന്താൻ നേതൃത്വം നൽകിയത്. മുഹമ്മദ് ഷമി മൂന്നും ഉമേഷ് യാദവ് രണ്ട് വിക്കറ്റും വീഴ്ത്തി. വിക്കറ്റുകളെല്ലാം പേസർമാർ പോക്കറ്റിലാക്കി. 29 റൺസെടുത്ത ഓപ്പണർ ഷാഡ്മാൻ ഇസ്ലാമാണ് ബംഗ്ലാദേശിന്റെടോപ് സ്കോറർ. ലിറ്റൺ ദാസ് (റിട്ടയേർഡ് ഹർട്ട് 24), നയീം ഹസൻ (19) എന്നിവർക്ക് മാത്രമാണ് ബംഗ്ലാദേശ് നിരയിൽ രണ്ടക്കം കടക്കാനായത്. ക്യാപ്ടൻ മോമിനുൾ ഹഖ് ഉൾപ്പെടെ അവരുടെ നാല് ബാറ്റ്സ്മാൻമാർ പൂജ്യരായാണ് മടങ്ങിയത്. 38 റൺസെടുക്കുന്നതിനിടയിൽ തന്നെ ബംഗ്ലാദേശിന് അഞ്ച് വിക്കറ്റുകൾ നഷ്ടമായിരുന്നു.
ഇന്ത്യയ്ക്ക് ലീഡ്
ബംഗ്ലാദേശിനെ ആൾഔട്ടാക്കിയ ശേഷം ഇന്നലെ ഒന്നാം ഇന്നിംഗ്സിനിറങ്ങിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ 3 വിക്കറ്ര് നഷ്ടത്തിൽ 174 റൺസ് എടുത്തിട്ടുണ്ട്. മായങ്ക് അഗർവാൾ (14), രോഹിത് ശർമ്മ (21), ചേതേശ്വർ പുജാര (55)എന്നിവരുടെ വിക്കറ്രുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. നായകൻ വിരാട് കൊഹ്ലിയും (59) അജിങ്ക്യ രഹാനെയും (29) ആണ് കളി നിറുത്തുമ്പോൾ ക്രീസിൽ. 7 വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യയ്ക്ക് ഇപ്പോൾ 68 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്. ബംഗ്ലാദേശിനായി എബ്ദാത്ത് ഹുസൈൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
ബംഗ്ലാദേശിന് രണ്ട്
സബ്സ്റ്റിറ്റ്യൂട്ടുകൾ
കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം വന്ന ശേഷം ഒരു മത്സരത്തിൽ രണ്ട് കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടുകളെ ഉപയോഗിക്കുന്ന ആദ്യ ടീമായി ബംഗ്ലാദേശ്. ഇന്നലെ വിക്കറ്റ് കീപ്പർ ലിറ്റൺ ദാസും സ്പിന്നർ നയീം ഹസനുമാണ് ബംഗ്ലാനിരയിൽ പരിക്കേറ്റ് പിന്മാറിയത്. മുഹമ്മദ് ഷമിയുടെ ബൗൺസർ ലിറ്റൺ ദാസിന്റെയും നയീം ഹസന്റെയും ഹെൽമറ്റിലിടിച്ചിരുന്നു. ഇവർക്കു പകരക്കാരായി മെഹ്ദി ഹസനെയും തൈജുൾ ഇസ്ലാമിനെയും ബംഗ്ലാദേശ് കളത്തിലിറക്കി.
5000 റൺസ് വേഗത്തിൽ തികയ്ക്കുന്ന ടെസ്റ്റ് ക്യാപ്ടനെന്ന റെക്കാഡ് വിരാട് കൊഹ്ലി സ്വന്തമാക്കി. 86 ഇന്നിംഗ്സുകളിൽ നിന്നാണ് കൊഹ്ലിയുടെ നേട്ടം.
ടെസ്റ്റിൽ 100 പുറത്താക്കലുകൾ എന്ന നേട്ടം വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹ സ്വന്തമാക്കി
12 ഓവറിൽ 4 മെയ്ഡനുൾപ്പെടെ 22 റൺസ് മാത്രം വിട്ടുകൊടുത്താണ് ഇശാന്ത് ശർമ്മ 5 വിക്കറ്ര് വീഴ്ത്തിയത്.
പിങ്ക് ബാളിൽ അന്താരാഷ്ട്ര ക്രിക്കറ്രിൽ 5 വിക്കറ്ര് നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ഒരിക്കലും തകർക്കപ്പെടാത്ത റെക്കാഡും ഇശാന്ത് സ്വന്തമാക്കി.
അന്താരാഷ്ട്ര ക്രിക്കറ്രിൽ പിങ്ക് ബാളിൽ വിക്കറ്ര് നേടുന്ന ആദ്യ ഇന്ത്യൻ താരവും ഇശാന്താണ്.ബംഗ്ലാദേശ് ഓപ്പണർ ഇമ്രുൽ ഖയിസിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഇശാന്ത് ഇന്ത്യയ്ക്കായി ആദ്യ വിക്കറ്റ് വീഴ്ത്തിയത്.
12 വർഷത്തിന് ശേഷമാണ് ഇന്ത്യൻ മണ്ണിൽ ഇശാന്തിന്റെ 5 വിക്കറ്റ് നേട്ടം.