nithyananda-

ഗാന്ധിനഗർ: അഹമ്മദാബാദിലെ സ്വയംപ്രഖ്യാപിത ആൾദൈവം നിത്യാനന്ദ രാജ്യം വിട്ടതായി ഗുജറാത്ത് പൊലീസ്. ആശ്രമത്തിൽ അനധികൃതമായി സ്ത്രീകളെ തടവിൽ പാർപ്പിച്ചുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. ആവശ്യമെങ്കിൽ ഗുജറാത്ത് പോലീസ് നിത്യാനന്ദയെ കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്ന് അഹമ്മദാബാദ് എസ്.പി. ആര്‍.വി അസരി പറഞ്ഞു.

തന്റെ രണ്ട് പെൺമക്കളെ തട്ടിക്കൊണ്ടുപോയി ആശ്രമത്തിൽ അനധികൃത തടവിൽ പാർപ്പിച്ചുവെന്ന് ആരോപിച്ച് തമിഴ്‌നാട് സ്വദേശി സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നിത്യാനന്ദയ്ക്കും സംസ്ഥാന സർക്കാരിനും നോട്ടീസ് നൽകിയിരുന്നു.

സംഭവത്തിൽ പ്രാണപ്രിയ, പ്രിയതത്വ എന്നുപേരായ സ്വാമിയുടെ അടുത്ത രണ്ടനുയായികൾ റിമാൻഡിലാണ്. ഗുജറാത്തിലെ നിത്യാനന്ദയുടെ ആശ്രമത്തിലെ പ്രധാന നടത്തിപ്പുകാരാണ് അറസ്റ്റിലായ രണ്ട് പേരും. പലപ്പോഴും വിവാദങ്ങളിൽ ഒഴുകി നടന്നിരുന്ന വ്യക്തിയാണ് നിത്യാനന്ദ. തന്റെ ഓരോ പ്രസ്താവനയും ഇത്തരത്തിലുള്ളതായിരുന്നു.

ആദ്യമായി നിത്യാനന്ദ വാർത്തകളിൽ ഇടം പിടിച്ചത്, നടി രഞ്ജിതയുമായുള്ള ഒരു വീഡിയോ പുറത്ത് വന്നതോടെയാണ്.

ബാംഗ്ലൂരിലെ ബിദാദിക്കടുത്ത് ധ്യാനപീഠം എന്ന പേരിൽ ഒരു ആശ്രമം നടത്തിപ്പോന്നിരുന്ന എ രാജശേഖരൻ എന്ന സ്വാമി നിത്യാനന്ദ പരമഹംസയും തമിഴ് നടി രഞ്ജിതയുമായിരുന്നു വിവാദ വീഡിയോയിൽ ഉണ്ടായിരുന്നത്. സ്വാമിയുടെ മുൻഡ്രൈവർ ആയിരുന്ന ലെനിൻ കറുപ്പൻ ആയിരുന്നു ഒളി ക്യാമറയിലൂടെ ആ ദൃശ്യങ്ങൾ പകർത്തിയത്. കോടതിയും കേസും ഒക്കെ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നെങ്കിലും, രഞ്ജിതയടക്കമുള്ള നിത്യാനന്ദ സ്വാമികളുടെ ഭക്തർ വീണ്ടും ആശ്രമത്തിൽ സജീവമാകുകയായിരുന്നു.

2012ലും നിത്യാനന്ദയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞുവെക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇപ്പോൾ സംഭവിച്ചത് പോലെ തന്നെ അന്നും നിത്യാനന്ദ മുങ്ങി. പിന്നീട് അഞ്ച് ദിവസം കഴിഞ്ഞ് കോടതിയിലായിരുന്നു സ്വാമി പൊങ്ങിയത്. തുടർന്ന് അറസ്റ്റ് ചെയ്യപ്പെടുകയും റിമാൻഡിലാകുകയും ചെയ്യുകയായിരുന്നു.നിത്യാനന്ദ അറസ്റ്റിലായതോടെ അടുത്ത ശിഷ്യ ആരതി റാവു രംഗത്ത് വരികയും,അഞ്ചുവർഷം നിത്യാനന്ദയോടൊപ്പം ചെലവിട്ടകാലത്ത് താൻ അനുഭവിച്ച പീഡനങ്ങളെപ്പറ്റി അവർ തുറന്നുപറഞ്ഞു.

2010 ലെ രഞ്ജിതയുടെ വീഡിയോ എടുത്തത് താനാണെന്നായിരുന്നു ആരതി റാവുവിന്റെ വാദം. നിത്യാനന്ദ തന്നെ പലവട്ടം ബലാത്സംഗം ചെയ്തു എന്ന് ആരതി തുറന്നുപറഞ്ഞു. ആരോടെങ്കിലും അതേപ്പറ്റി പറഞ്ഞാൽ കൊന്നുകളയും എന്നായിരുന്നു ഭീഷണിയെന്നും ആരതി വെളിപ്പെടുത്തുകയുണ്ടായി.

താന്ത്രിക് സെക്സിനുള്ള സമ്മതപത്രം ഒപ്പിട്ടുവാങ്ങിയ ശേഷം മാത്രമാണ് ഭക്തർക്ക് ആശ്രമത്തിൽ പ്രവേശിക്കാൻ പാടുള്ളൂ എന്ന പ്രത്യകതയും നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്. ഭാരതത്തിന്റെ പ്രാചീന സംസ്കൃതിയുടെ ഭാഗമായ, സ്ത്രീപുരുഷ ആനന്ദാന്വേഷണങ്ങളുടെ പരമകാഷ്ഠയായ താന്ത്രിക് സെക്സ് അടക്കമുള്ള സങ്കേതങ്ങളിലൂടെ ഭക്തർക്ക് ആത്മീയവും മാനസികവും ശാരീരികവുമായ നിർവാണലബ്ധിക്കുള്ള പരിശ്രമങ്ങൾ ഇവിടെ പരിശീലന പരിപാടികളുടെ ഭാഗമാണ്. ഇതിന് വേണ്ട സമ്മത പത്രമാണ് ഭക്തരിൽ നിന്ന് വാങ്ങുന്നത്.

ഈ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണെന്നും, പരിപൂർണമായ നഗ്നത, നഗ്നചിത്രങ്ങളുമായുള്ള പരിചയം, നഗ്നതയുടെ വീഡിയോ ഡെമോൺസ്‌ട്രേഷനുകൾ, ലൈംഗിക ബന്ധങ്ങളുടെ വീഡിയോ വിശദീകരണങ്ങൾ, ശാരീരികമായ അടുത്തിടപഴകലുകൾ എന്നിവയും പരിശീലത്തിൽ ഉൾപ്പെടുത്തുമെന്നും മുൻ കൂട്ടി ബോധിപ്പക്കുന്നുവെന്നും സമ്മത പത്രത്തിൽ കുറിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ