ജീൻപോൾ ലാൽ (ലാൽ ജൂനിയർ) പൃഥിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന എറ്റവും പുതിയ സിനിമയാണ് ‘ഡ്രൈവിംഗ് ലൈസൻസ്’. മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ചെയ്യാൻ ഉദ്ദേശിച്ച സിനിമയാണ് പിന്നീട് പൃഥ്വിരാജിലേക്ക് എത്തിയത്. അതിനുള്ള കാരണം എന്തെന്ന് വ്യക്തമാക്കുകയാണ് സംവിധായകൻ.
‘ഡ്രൈവിങ് ലൈസൻസ്’ വർഷങ്ങൾക്ക് മുൻപ് താൻ പ്ലാൻ ചെയ്തിരുന്ന സിനിമയായിരുന്നെന്ന് ജീൻപോൾ ലാൽ പറയുന്നു. ‘ഹായ് ഐ ആം ടോണി’ക്ക് ശേഷം ആരംഭിക്കണമെന്ന് ഉദ്ദേശിച്ച സിനിമയായിരുന്നു ‘ഡ്രൈവിംഗ് ലൈസൻസ്’. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്‌നങ്ങൾ കാരണമാണ് ആദ്യം സിനിമ തുടങ്ങാൻ വൈകിയതെന്നും ജീൻ പോള്‍ ലാല്‍ പറയുന്നു.
“സിനിമ തുടങ്ങാൻ സാധിക്കാതെ വന്നതോടെ ആകെ ആശങ്കയിലായി. ആ സമയത്താണ് ഹണീ ബി 2 ചെയ്യുന്നത്. മമ്മൂക്കയും പപ്പയും (ലാൽ) ആയിരുന്നു ഡ്രൈവിംഗ് ലൈസൻസിൽ കേന്ദ്ര കഥാപാത്രങ്ങൾ ആകേണ്ടിയിരുന്നത്. പിന്നീടാണ് പൃഥ്വിരാജിലേക്കും സുരാജ് വെഞ്ഞാറമൂടിലേക്കും മാറിയത്. മമ്മൂക്കയുടെ ഡേറ്റ് ഇഷ്യൂ കാരണമാണ് സിനിമാ ആദ്യം തുടങ്ങാൻ സാധിക്കാതെ പോയത്. പിന്നെ, സിനിമയുടെ കഥ ആ സമയത്ത് മമ്മൂക്കയ്ക്ക് അധികം ഇഷ്ടമായില്ല. സിനിമയിൽ രണ്ട് നായകൻമാരുണ്ട്. ആ ടൈമില്‍ മമ്മൂക്കയ്ക്ക് രണ്ട് നായകൻമാർ ഉള്ള പടത്തിൽ അഭിനയിക്കാനുള്ള താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്‌സ് സീനിനോട് അടുത്തപ്പോഴാണ് മമ്മൂക്കയ്ക്ക് അത് ഇഷ്ടപ്പെടാതെ വന്നത്. അങ്ങനെ വന്നപ്പോൾ ഒന്നുകിൽ കഥ മാറ്റുക, അല്ലെങ്കിൽ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുൻപിലുണ്ടായിരുന്നത്. പിന്നീട് മമ്മൂക്ക തന്നെ ഒഴിവായ സ്ഥിതിക്ക് കഥ മാറ്റേണ്ടി വന്നില്ല. കഥയില്‍ എനിക്ക് വിശ്വാസമുണ്ട്” ജീൻ പറഞ്ഞു.
ഹണീ ബി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെയാണ് ലാൽ ജൂനിയർ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഹായ് ഐ ആം ടോണി, ഹണീ ബി 2 എന്നി സിനിമകൾ സംവിധാനം ചെയ്തു. ലാൽ ജൂനിയറിന്റെ നാലാമത്തെ സിനിമയാണ് ഡ്രെെവിംഗ് ലെെസൻസ്.