തിരുവനന്തപുരം: ജില്ലാ കലോത്സവത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിറംകെട്ട മേളയ്ക്കാണ് ഇന്നലെ അനന്തപുരിയിൽ തിരശീല വീണത്. വിധി നിർണയത്തിനെതിരെ ഉയർന്ന ശക്തമായ പ്രതിഷേധം വിദ്യാർത്ഥികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടയുന്നതിലാണ് കലാശിച്ചത്. മത്സരം തീരുന്നതിനു മുമ്പു തന്നെ ഫലം ആർക്കനുകൂലമെന്ന് പരസ്യമാകുന്ന മാച്ച് ഫിക്സിംഗ് ആണ് കാര്യങ്ങൾ വഷളാക്കിയത്. സംഘ ഇനങ്ങളുടെ മത്സരഫലങ്ങളെച്ചൊല്ലിയായിരുന്നു കലാവേദിയിലെ അങ്കക്കലി.
ശക്തമായ പൊലീസ് കാവലിലാണ് അവസാന ഇനങ്ങൾ നടത്തിയത്. ഹയർ സെക്കൻഡറി വിഭാഗം സംഘനൃത്തത്തിന്റെ ഫലം വന്നതിന് പിന്നാലെ വ്യാഴാഴ്ച രാത്രി റോഡ് ഉപരോധിച്ചതിന്റെ ബാക്കി രംഗങ്ങൾ ഇന്നലെ പ്രധാനവേദിക്കു മുന്നിലും ജനറൽ കൺവീനറുടെ ഓഫീസിനു മുന്നിലുമായി അരങ്ങേറി. സംഘനൃത്തം ഹൈസ്കൂൾ ഫല പ്രഖ്യാപനത്തിനൊടുവിലും രംഗം വഷളായിരുന്നു.
വെള്ളി പുലർച്ചെ 2.30
കലോത്സവം തുടങ്ങും മുമ്പുതന്നെ വിജയികളെ നിശ്ചയിച്ചിരുന്നെന്നും രണ്ടാംസ്ഥാനം വേണമെങ്കിൽ ഒന്നരലക്ഷം നൽകണമെന്നും പറഞ്ഞ് തങ്ങൾക്ക് നേരത്തേ വന്ന അജ്ഞാത ഫോൺ സന്ദേശത്തിലേതു പോലെതന്നെ ഫലമെന്നും ആരോപിച്ച് പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രതിഷേധം. സമയം പുലർച്ചെ 2.30 ആയിരുന്നു. വേദിക്കരികിലുണ്ടായിരുന്ന സംഘാടകർ പിഴവ് പരിശോധിക്കാമെന്നും അതിനുശേഷമേ റിസൾട്ട് വെബ്സൈറ്റിൽ പ്രഖ്യാപിക്കുവെന്നും വിദ്യാർത്ഥികളെ അറിയിച്ചു.
രാവിലെ 6.00
രാവിലെ ആറോടെ സംഘാടകർ വെബ്സൈറ്റിൽ ഫലപ്രഖ്യാപനം നടത്തി. നേരത്തേ മൂന്നാം സ്ഥാനത്തായിരുന്നു പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിനെ അഞ്ചാം സ്ഥാനത്തേക്ക് മാറ്റിയാണ് പ്രഖ്യാപനം നടത്തിയതെന്ന് വിദ്യാർത്ഥികളുടെ ആരോപണം.
രാവിലെ 10.30
കാർമൽ സ്കൂളിലെ വിദ്യാർത്ഥികൾ ചവിട്ടുനാടകത്തിനിടെ വീണ് പരിക്കേറ്റതിനെ തുടർന്ന് വേദി പുനഃക്രമീകരിക്കുന്നതിനിടെ പട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ പ്രതിഷേധവുമായെത്തി.
വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ ചവിട്ടുനാടക മത്സരവും തടസപ്പെട്ടു. ഈസമയം ഡി.ഡി സ്ഥലത്തെത്തി. അവിടെ നിന്നും വിദ്യാർത്ഥിനികൾ ജനറൽ കൺവീനറുടെ ഓഫീസിനു മുന്നിലെത്തി ഡി.ഡി ഗോബാക്ക് എന്ന് വിളിച്ചു. ഒടുവിൽ വിദ്യാർത്ഥികൾ പൊട്ടിക്കരഞ്ഞു. അപ്പീലു നൽകാനായി സംഘാടകരുടെ ഉപദേശം.
അന്വേഷണം പുരോഗമിക്കുന്നു
കലോത്സവവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ട് മാച്ച് ഫിക്സിംഗ്, കോഴ ആരോപണത്തെ കുറിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
പ്രധാന ആരോപണങ്ങൾ
ഒരു ടീമിനെ സംസ്ഥാന തലത്തിൽ എത്തിക്കാൻ രണ്ടു ലക്ഷം മുതൽ മൂന്നു ലക്ഷം രൂപ വരെ കോഴ.
പ്രതിഷേധിക്കുന്നവരെ നേരിടാൻ ഗുണ്ടാ സംഘങ്ങളെ ഇറക്കുന്നു.