
തിരുവനന്തപുരം: സപ്ളൈകോയിൽ 1,01,547 രൂപയുടെ ക്രമക്കേട് കണ്ടെത്തിയ സംഭവം ഉന്നത അധികാരികൾ ഇടപെട്ട് 'പുഷ്പം" പോലെ ഒതുക്കിത്തീർത്തു. ആഭ്യന്തര ആഡിറ്റ് വിഭാഗം കുറ്രക്കാരനെന്നു കണ്ടെത്തിയ സപ്ലൈകോ ജൂനിയർ അസിസ്റ്റന്റിൽ നിന്നു തുക ഈടാക്കിക്കൊണ്ടാണ് അധികൃതർ നടപടി അവസാനിപ്പിച്ചത്.
ആരോപണവിധേയനായ ഈ ജീവനക്കാരൻ ഒരു വർഷം മുൻപ് ഹോർലിക്സിന്റെ സ്റ്റോക്കുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടിൽ ഉൾപ്പെട്ട് സസ്പെൻഷനിലായിരുന്നു.
ഭരണകക്ഷി സ്വാധീനമുള്ള ഇയാളെ രക്ഷപ്പെടുത്താൻ അന്നും നീക്കം നടന്നിരുന്നു. ഹോർലിക്സ് കേസിൽ പേരിനൊരു സസ്പെൻഷൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതുമില്ല. ജില്ലാ ഡിപ്പോയുടെ കീഴിലുള്ള കരിയം മാവേലി സ്റ്റോറിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് നടന്ന തട്ടിപ്പും തുടർന്നുള്ള അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങളും ഇപ്പോഴാണ് പുറംലോകമറിയുന്നത്.
ആഭ്യന്തര ആഡിറ്റ് വിഭാഗം നടത്തിയ പരിശോധനയിൽ നോൺ മാവേലി സ്റ്റോക്കിൽ 1,01,547 രൂപയുടെ വ്യത്യാസം കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തിൽ ഡിപ്പോയിൽ നിന്നു നൽകിയ 6931 രൂപയുടെ ഗുഡ് ഇൻവേഡ് ഷീറ്റിൽ (ജി.ഐ.എസ്) ഹെഡ് ഓഫീസിന്റെ അനുമതിയില്ലാതെ തിരുത്തിയാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായി.
തട്ടിപ്പ് നടന്ന സമയത്ത് നോൺ മാവേലി കസ്റ്റോഡിയനായിരുന്ന ജീവനക്കാരനെതിരെ കുറ്രപത്രം നൽകി. തുടർന്ന് കസ്റ്രോഡിയനെ രക്ഷിക്കാനുള്ള നീക്കങ്ങൾ തകൃതിയായി നടന്നു. അതിന് അനുസരിച്ചുള്ള റിപ്പോർട്ടാണ് സമർപ്പിക്കപ്പെട്ടത്. 50,000 രൂപയിൽ കൂടുതൽ ക്രമക്കേട് നടന്നാൽ പൊലീസ് കേസെടുക്കണമെന്ന വ്യവസ്ഥയുള്ളപ്പോഴാണ് ഒത്തുകളി നടന്നത്. ജി.ഐ.എസിലെ വ്യതിയാനം എങ്ങനെയാണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സോഫ്ട്വെയറിൽ തിരുത്തൽ വരുത്താനുള്ള പരിജ്ഞാനം തനിക്കില്ലെന്നുമുള്ള കസ്റ്റോഡിയന്റെ വിശദീകരണം സപ്ളൈകോ അഡിഷണൽ ജനറൽ മാനേജർ അംഗീകരിക്കുകയായിരുന്നു. ഇതോടെ 1,01,547 തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിൽ ശിക്ഷാനടപടികളിൽ നിന്നെല്ലാം ഒഴിവാക്കുന്നതായി ഉത്തരവ് പുറപ്പെടുവിച്ചു.
ഉത്തരവിൽ മാനുഷിക പരിഗണന നൽകിയാണ് ശിക്ഷ ഒഴിവാക്കുന്നത് എന്ന് പറയുന്നതോടൊപ്പം മേലാൽ ആവർത്തിക്കരുത് എന്ന മട്ടിലൊരു താക്കീതും കൂടി നൽകിയിട്ടുണ്ട്.
ഹോർലിക്സ് തട്ടിപ്പിൽ സംഭവിച്ചത്
വലിയതുറയിലെ സപ്ളൈകോ ഗോഡൗണിൽ നടന്നത് മൂന്നര ലക്ഷം രൂപയുടെ തിരിമറിയായിരുന്നു.
വിജിലൻസിന്റെ ഫ്ലൈയിംഗ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്നര ലക്ഷം രൂപയുടെ ഹോർലിക്സിന്റെ കുറവ് കണ്ടെത്തി. തുടന്ന് ഭരണകക്ഷി സ്വാധീനം ഉപയോഗിച്ച് കുറ്റക്കാരെ രക്ഷപ്പെടുത്താൻ ശ്രമം ആരംഭിച്ചു. സംഭവം പുറത്തറിഞ്ഞതോടെ ഏഴുപേരെ എം.ഡി സസ്പെൻഡ് ചെയ്യുകയും ഒരാളെ സ്ഥലം മാറ്റുകയും ചെയ്തു. ആ കേസിൽ സസ്പെൻഷനിലായ കസ്റ്റോഡിയനെ തന്നെയാണ് ഈ കേസിലും കുറ്റക്കാരനെന്നു കണ്ടെത്തിയിരിക്കുന്നത്.
വിജിലൻസ് തുടരന്വേഷണം ഉടൻ ആരംഭിക്കാനും കൂടുതൽ ക്രമക്കേട് ഉണ്ടോയെന്നു പരിശോധിക്കാനും അന്ന് സപ്ലൈകോ തീരുമാനിച്ചതാണ്. പക്ഷേ, അതൊന്നും സംഭവിച്ചതുമില്ല. സസ്പെൻഷനിലായവർ രണ്ടു മാസം തികയും മുമ്പു തന്നെ തിരികെ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.