തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുറജപത്തിന്റെ ഭാഗമായി 55 ദിവസം നീളുന്ന നൃത്തസംഗീതമേള നടക്കും. ക്ഷേത്രചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നാൾ നീണ്ടു നിൽക്കുന്ന കലാമേള അവതരിപ്പിക്കപ്പെടുന്നത്. മതിലകത്ത് മന്ത്രപൂജയും കിഴക്കേനടയിൽ കലാപൂജയുമാണ് ഇക്കുറി മുറജപത്തിന്റെ പ്രത്യേകത.
ദൈവവും കലയും ഒന്നാകുന്ന അപൂർവതയ്ക്കാണ് തലസ്ഥാനം സാക്ഷിയാകുന്നതെന്ന് കലാമേളയുടെ ചുക്കാൻ പിടിക്കുന്ന സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. 'ശ്രീപദ്മനാഭം' എന്നാണ് കലാസമന്വയത്തിന്റെ നാമം. ആചാരപ്രധാനമായ ക്ഷേത്രത്തിനുള്ളിൽ നടത്തുന്ന കലാപരിപാടികൾ എല്ലാ ഭക്തർക്കും ദർശനവേദ്യമല്ല. ഇത് പരിഹരിക്കാൻ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ പടിക്കെട്ടിന് താഴെയാണ് കലയുടെ കേളീമണ്ഡപമൊരുങ്ങുന്നത്. ജനുവരി 14 വരെ ദിവസവും വൈകിട്ട് 7.15 മുതൽ 8.15 വരെയാണ് കലാപരിപാടികൾ. കഥകളിമേളയിൽ ഇന്ന് പ്രഹ്ളാദചരിതം, 24ന് സുഭദ്രാഹരണം, 25ന് കുചേലവൃത്തം, 26ന് ദുര്യോധനവധം. അനുഷ്ഠാനകലകളിൽ 27ന് പൂതനാമോക്ഷം നങ്ങ്യാർകൂത്ത്, 28ന് കൂടിയാട്ടം, 29ന് പാഞ്ചാലിസ്വയംവരം ചാക്യാർകൂത്ത്, 30ന് അക്ഷരശ്ലോകം. ഡിസംബർ 1 മുതൽ 12 വരെ തിരുവനന്തപുരത്തെ കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തസംഗീതപരിപാടികൾ. 1ന് സപ്തവീണ, 2ന് മധുരം മാധവം, 3ന് പിബരെ രാമരസം, 4ന് വൈഷ്ണവം, 5ന് ഭജ മാനസ എന്നീ നൃത്തസംഗീതപരിപാടികൾ. 6ന് ഡോ. കെ. ഓമനക്കുട്ടി ഒരുക്കുന്ന പദ്മനാഭ ഗാനാഞ്ജലി. 7ന് തവ പാദാഭ്യാം (നൃത്തം), 8ന് പാർവതിപുരം പദ്മനാഭ അയ്യർ തയ്യാറാക്കിയ സ്വാതി കൃതികളുടെ ആലാപനം.
9ന് താരാ കല്യാൺ, സൗഭാഗ്യ വെങ്കിടേഷ് എന്നിവരുടെ ഭരതനാട്യം. 10ന് വിദ്യാ പ്രദീപിന്റെ മോഹിനിയാട്ടം, 11ന് ഉത്തര അന്തർജനത്തിന്റെ ഒഡീസി, 12ന് ഗായത്രി ഗോവിന്ദിന്റെ കുച്ചിപ്പുടി. 13ന് മഞ്ജരി (ഭജൻസ്), 14ന് മേതിൽ ദേവിക (മോഹിനിയാട്ടം), 15ന് രാജേന്ദ്ര ഗംഗാനി (കഥക്), 16ന് അഭ്രദിതാ ബാനർജി (ഭജൻസ്), 17ന് പ്രിയദർശിനി ഗോവിന്ദ് (ഭരതനാട്യം), 18ന് സന്ധ്യ മനോജ് (ഒഡീസി), 19ന് രമേഷ് നാരായൺ (ഹിന്ദുസ്ഥാനി കച്ചേരി), 20ന് ഉത്തരാ ഉണ്ണി (ഭരതനാട്യം), 21ന് പാരിസ് ലക്ഷ്മി (ഭരതനാട്യം), 22ന് അപർണാ രാജീവ് (ഭജൻസ്), 23ന് ലാവണ്യ ആനന്ദ് (ഭരതനാട്യം), 24ന് റെഡി ലക്ഷ്മി (കുച്ചിപ്പുടി), 25ന് നീനാ പ്രസാദ് (മോഹിനിയാട്ടം), 26ന് രാജശ്രീവാര്യർ (ഭരതനാട്യം), 27ന് അഭയലക്ഷ്മി (ഒഡീസി), 28ന് വിന്ദുജ മേനോൻ (മോഹിനിയാട്ടം), 29ന് ദേവിയും ഗിരീഷും (കുച്ചിപ്പുടി), 30ന് മഞ്ചുഭാർഗവി (കുച്ചിപ്പുടി), 31ന് ശ്രീലത വിനോദ് (ഭരതനാട്യം), ജനുവരി 1ന് എം. ജയചന്ദ്രനും കാവാലം ശ്രീകുമാറും (കർണാടകസംഗീതം), 2ന് രാമവർമ (കർണാടകസംഗീതം), 3ന് രചന നാരായണൻകുട്ടി (കുച്ചിപ്പുടി), 4ന് പദ്മപ്രിയയും ഷെമി അജിത്തും (ഭരതനാട്യം), 5ന് സായ് വെങ്കടേഷ (കഥക്), 6ന് രൂപ രവീന്ദ്രൻ (കഥക്), 7ന് പ്രതീക്ഷാ കാശി (കുച്ചിപ്പുടി), 8ന് തിരുവനന്തപുരം കൃഷ്ണകുമാറും ബിന്നി കൃഷ്ണകുമാറും (കർണാടക സംഗീതം), 9ന് മീനാക്ഷി ശ്രീനിവാസൻ, 10ന് ജ്യോത്സ്ന ജഗന്നാഥൻ, 11ന് അശ്വതിയും ശ്രീകാന്തും, 12ന് ജാനകി രംഗരാജൻ, 13ന് ലക്ഷ്മി ഗോപാലസ്വാമി (എല്ലാം ഭരതനാട്യം). 14ന് വൈകിട്ട് 1000ലേറെ കലാകാരന്മാർ പങ്കെടുക്കുന്ന, സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത രാധേശ്യാം എന്ന നൃത്തപരിപാടി അരങ്ങേറും.
പങ്കെടുക്കുന്നത് 2000 ലേറെ കലാകാരന്മാർ
കലാമേളയിൽ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും 2000 ലേറെ കലാകാരന്മാർ 55 ദിവസങ്ങളിലായി പങ്കെടുക്കും. തലസ്ഥാനത്തെ സാധാരണ കലാകാരൻ മുതൽ രാജ്യത്തെ പ്രമുഖ കലാകാരന്മാർ വരെ ഇവരിലുണ്ട്. മേളയിൽ പങ്കെടുക്കുന്നവരെല്ലാം പ്രതിഫലം വാങ്ങാതെയാണ് കലാവതരണം നടത്തുന്നത്. പകരം ക്ഷേത്രത്തിൽ നിന്ന് കലാകാരന്മാർക്ക് നൽകുന്നത് ദക്ഷിണയും ചന്ദനം ഉൾപ്പെടെ ഭഗവാന് നിവേദിച്ച പ്രസാദവും.