തിരുവനന്തപുരം: ഡോക്ടറായ അച്ഛന്റെ വഴി പിന്തുടർന്ന് പ്രീതി മഹാദേവനും മെഡിക്കൽ രംഗത്തേക്ക് കടക്കുമെന്നായിരുന്നു മാതാപിതാക്കളും ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നത്. എല്ലാവർക്കും താത്പര്യവും അതായിരുന്നു. എന്നാൽ ഫാഷൻ ഡിസൈനിംഗ് എന്ന ലോകമായിരുന്നു പ്രീതി തിരഞ്ഞെടുത്തത്. ഇന്ന് തലസ്ഥാനവാസികളുടെ ഇഷ്ട ഫാഷൻ സങ്കല്പത്തിന്റെ കൂടെ 'പ്രീതി മഹാദേവൻ' എന്ന ബ്രാൻഡുണ്ട്. വസ്ത്ര ഡിസൈനിംഗിലും നിർമ്മാണത്തിലും മൂന്ന് വർഷം പിന്നിട്ട പ്രീതിയുടെ ഏറ്റവും പുതിയ വിമെൻസ് ആൻഡ് കിഡ്സ് വെയർ പ്രദർശന മേള ഇന്നലെ കവടിയാർ വിമെൻസ് ക്ലബിൽ ആരംഭിച്ചു.
പ്രിന്റഡ്, എംബ്രോയിഡറി കുർത്തികൾ, ചെട്ടിനാട് സാരികൾ, ഷോർട്ട് ടോപ്പ്, നൈറ്രികൾ, പലാസോ സെറ്റ്, സ്കേർട്ടുകൾ എന്നിങ്ങനെ വ്യത്യസ്തമായ വസ്ത്രശേഖരം പ്രദർശനത്തിലുണ്ട്. കുട്ടികൾക്കുള്ള ഫ്രോക്കുകളും സ്കേർട്ടുകളുമാണ് മറ്റൊരു ആകർഷണം. കോട്ടൺ, റയോൺ മെറ്രീരിയലുകളിലാണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. നമ്മുടെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യം ഈ മെറ്റീരിയലുകളാണെന്നും ആളുകൾക്ക് കംഫർട്ടായ വസ്ത്രങ്ങൾ തയ്യാറാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്നും പ്രീതി പറയുന്നു. ബാംഗ്ലൂർ, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് ഉയർന്ന ഗുണമേന്മയുള്ള കോട്ടൺ, റയോൺ തുണികൾ വൻതോതിൽ വാങ്ങി പോങ്ങുംമൂട് ബാപ്പുജി നഗറിലെ സ്വന്തം വീട്ടിൽ ഡിസൈൻ ചെയ്താണ് വസ്ത്രങ്ങളൊരുക്കുന്നത്. സഹായികളായി അഞ്ച് പേരുണ്ട്.
ചങ്ങനാശേരി അസംപ്ഷൻ കോളേജിൽ നിന്ന് ഫാഷൻ ഡിസൈനിംഗിൽ ബിരുദവും ചെന്നൈ പേൾ അക്കാഡമിയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ പ്രീതി കുറച്ചുനാൾ ജോലി ചെയ്തതിന് ശേഷമാണ് സ്വന്തം സംരംഭം ആരംഭിക്കുന്നത്. ഫേസ്ബുക്കിലെ പേജിലൂടെയും പ്രദർശനങ്ങളിലൂടെയുമാണ് വിപണനം. അച്ഛൻ ഡോ. വി. മഹാദേവൻ, അമ്മ ലളിത, ഭർത്താവ് ആദർശ് ചന്ദ്രൻ, ഭർത്താവിന്റെ കുടുംബം എന്നിവരുടെയെല്ലാം പിന്തുണ തനിക്കുണ്ടെന്ന് പ്രീതി പറയുന്നു. മേളയിൽ 400 രൂപ മുതൽ വിലയിൽ വസ്ത്രങ്ങൾ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന വസ്ത്രങ്ങൾക്ക് 10 മുതൽ 70 ശതമാനം വരെ ഡിസ്കൗണ്ടും ഉണ്ടായിരിക്കും. 3000 രൂപയ്ക്ക് പർച്ചേസ് ചെയ്യുന്നവർക്ക് ഒരെണ്ണം സൗജന്യമായും ലഭിക്കും. രാവിലെ 10 മുതൽ രാത്രി 8 വരെ നടക്കുന്ന പ്രദർശനം നാളെ അവസാനിക്കും. ഫോൺ: 8547605559, 9846022246.